തെരുവ് നായയുടെ അക്രമണം; മൂന്ന് വയസ്സുകാരന് പരിക്ക്

Friday 23 September 2016 8:23 pm IST

പെര്‍ള: പെര്‍ള ടൗണില്‍ തെരുവ് നായയുടെ പരാക്രമം. മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പെര്‍ള ടൗണിലെ ഒരു കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ള മൂന്നു പേരെയാണ് നായ അക്രമിച്ചത്. പെര്‍ളയിലെ വ്യാപാരി പ്രകാശ് പൈയുടെ മൂന്നര വയസുള്ള മകന്‍ ശ്രീവിഷ്ണുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബന്ധു മഹേഷി(30)നും കടിയേറ്റു. ശ്രീവിഷ്ണുവിന്റെ മുഖത്തും നെഞ്ചിനും കടിയേറ്റിട്ടുണ്ട്. മഹേഷിന്റെ കാലിനാണ് പരിക്ക്. അതിനിടെയാണ് കടയിലേക്ക് വരികയായിരുന്നു കാടമന മാടത്തടുക്കയിലെ അന്‍വറി(17)നെയും നായ അക്രമിച്ചത്. മൂവരേയും ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പെര്‍ള, ബദിയടുക്ക ഭാഗങ്ങളില്‍ തെരുവ് നായയുടെ ശല്യം രൂക്ഷമായിട്ടും ഇത് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.