സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ഹൈക്കോടതി വിശദീകരണം തേടി

Friday 23 September 2016 9:18 pm IST

കൊച്ചി: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച മാസം തോറുമുള്ള ഗ്രാന്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചു മുഴുവന്‍ തുകയും പീനല്‍ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന നോട്ടീസിനെതിരെ ആലപ്പുഴ വൈഎംസിഎ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. അഞ്ചു വര്‍ഷത്തിനു ശേഷമുള്ള അടിസ്ഥാനരഹിതമായ നോട്ടീസ് സ്വാഭാവിക നീതിക്കു നിരക്കാത്തതിനാല്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദേശം. വൈഎംസിഎ സെക്രട്ടറി ജോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ഷാജി പി. ചാലി പരിഗണിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2010 ഒക്ടോബര്‍ ആറിലെ സര്‍ക്കുലര്‍ പ്രകാരം ആലപ്പുഴ വൈഎംസിഎ നടത്തുന്ന ടേബിള്‍ ടെന്നിസ് അക്കാഡമിക്കു ഗ്രാന്റ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2010 ഡിസംബര്‍ മുതല്‍ അനുവദിച്ച ഗ്രാന്റ് തുക കായിക താരങ്ങള്‍ക്കായി ചെലവഴിക്കാതെ തിരിമറി നടത്തി എന്ന ആരോപണത്തിന്മേല്‍ ഗ്രാന്റ് നിര്‍ത്തലാക്കുന്നതിനു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ബെന്നി പി.. തോമസ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.