മുണ്ടക്കയം: ഡോക്ടറുടെ ഫോണ്‍ കവര്‍ന്ന യുവാവ് പിടിയില്‍. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോണും മോഷ്ടിച്ചു കടന്നു കളഞ്ഞ കുഴിമാവ് ചെട്ടിയാനിയില് രമേശ് (35) ആണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ തലവേദനയ്ക്കായി ചികിത്സ തേടിയെത്തിയ രമേശ് ഒ.പിയില്‍ ചികിത്സതേടുകയും ഡോക്ടറുടെ മേശയില്‍ ഇരുന്ന ഫോണ്‍ അപഹരിക്കുകയുമായിരുന്നു. ഒപിയില്‍ തിരക്കായിരുന്നതിനാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. ഡോക്ടര്‍ കുറിച്ചു നല്കിയ മരുന്നും വാങ്ങി യുവാവ് ആശുപത്രിയില്‍ നിന്നും സ്ഥലം വിടുകയായിരുന്നു. ഫോണ്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ സമയം ആശുപത്രിയില്‍ നിന്നും എത്തിയ രമേശ് തന്റെ സുഹൃത്തു മുഖേനെ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ഫോണ്‍ വില്ക്കുവാന് ശ്രമിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഫോണ്‍ വാങ്ങാന്‍ പറ്റില്ലെന്ന് കടയുടമ അറിയിച്ചത്രെ. ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ ചെന്ന ഒരു സ്ത്രീ മോഷണ വിവരം അറിയുകയും ഇവര്‍ മറ്റൊരാവശ്യത്തിനു മൊബൈല്‍ കടയില്‍ എത്തുകയും ചെയ്തിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ ചോദ്യം ചെയ്യുകയും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: