കോഴിക്കോട്: കേരളത്തനിമ വിളിച്ചോതുന്ന സദ്യവട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സ്വപ്ന നഗരിയില്‍ ആരംഭിച്ചു. ബിജെപി ദേശീയ കൗണ്‍സിലിനു എത്തുന്ന അംഗങ്ങളെ കാത്തിരിക്കുന്നത് 25 കൂട്ടം കറികളും നാലുവിധം പായസങ്ങളും അടങ്ങിയ ഓണസദ്യയാണ്.
സദ്യവട്ടങ്ങളുടെ ആശാനായ പഴേടം മോഹനന്‍നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കൊതിയൂറുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി 17തരം കറികള്‍ അധികമുണ്ട്. നാളത്തെ ഓണസദ്യയില്‍ നാരങ്ങക്കറി, മാങ്ങ, ഇഞ്ചി,പൈനാപ്പിള്‍ പച്ചടി, പാവയ്ക്ക കിച്ചടി, ഓലന്‍, തോരന്‍, കൂട്ടുകറി, അവിയല്‍, പരിപ്പ്, കൊണ്ടാട്ടങ്ങള്‍,സാമ്പാറ്, നെയ്യ്, കട്ടത്തൈര്, സംഭാരം, രസം,പപ്പടം, പഴം, ചക്കവറുത്തത്, കായവറുത്തത്, ശര്‍ക്കരവരട്ടി എന്നിവയ്ക്കു പുറമേ പഴേടത്തിന്റെ പ്രധാന വിഭവമായ പാലടപ്രഥമനും പഴപ്രഥമനും കൂടെയാവുമ്പോള്‍ അതിഗംഭീര സദ്യയാവും.
ഇഞ്ചിപ്പുളി വിളമ്പിയാല്‍ 101 കറികള്‍ക്ക് തുല്യമാണ്. ഇതിനു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തനി നാടന്വിഭവങ്ങളായ ചേന എരിശ്ശേരി, ചമ്മന്തിപ്പൊടി, ബീറ്റ്റൂട്ട് കിച്ചടി, വെള്ളരിക്ക കിച്ചടി ഉള്‍പ്പെടെ 17 വിഭഗങ്ങള്‍ അധികമായി ഉണ്ടാവും. നാലുവിധത്തിലുള്ള ചോറാണ് വിളമ്പുക. കുത്തരിച്ചോറ്, ബസുമതി അരി, നാരങ്ങസാദം, പച്ചരിച്ചോറ് എന്നിവയും ഒരുക്കുന്നുണ്ട്. ഇതിനു പുറമേ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ പാലക്ക് പനീര്‍, പനീര്‍ ബട്ടര്‍ മസാല, ആലുഗോബി മസാല, പനീര്‍ ഡ്രൈ ഫ്രൈ, ദാല്‍ ഫ്രൈ എന്നിവയും ഉണ്ട്. 1500 പേര്‍ക്കാണ് ഇരുത്തി സദ്യ നല്‍കുക. ബാക്കിയുള്ളവര്‍ക്ക് ബുഫേ രീതിയിലും കഴിക്കാം.
ഇന്ന് ഉച്ചയ്ക്ക് സാധാരണസദ്യയും തൈര്സാദം, റൊട്ടി എന്നിവയും നല്‍കും. രാത്രിയില്‍ ഏറെ പ്രസിദ്ധവും പഴേയടത്തിന്റെ മാസ്റ്റര്‍ പീസുമായ അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പും. അപ്പം,ഇടിയപ്പം, ഇഡലി, മിക്സഡ് വെജിറ്റബിള്‍ ഉപ്പുമാവ്, ദോശ, പൂരി മസാല എന്നിവയാണ് രണ്ടുദിവസത്തെ പ്രാതലിനു നല്‍കുക. മാത്രവുമല്ല വിവിധതരത്തിലുള്ളസീസണല് ജ്യൂസുകളും പ്രധാനമന്ത്രിക്കായി ഒരുക്കുന്നുണ്ട്.
പഴേടത്തിന്റെ നേതൃത്വത്തില്‍ 180 പേരടങ്ങുന്ന സംഘമാണ് സദ്യ ഒരുക്കുന്നത്. ദേശീയ കൗണ്‍സിലിന്റെ ഓണസദ്യ ശ്രദ്ധേയമാവാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. സദ്യക്കുള്ള പച്ചക്കറികള്‍ ജൈവകൃഷിരീതിയില്‍ ഉത്പ്പാദിച്ചവയാണ്.
പാലക്കാട് എലവഞ്ചേരിയില്‍ നിന്നുള്ള പച്ചക്കറികളാണ് കഴിഞ്ഞദിവസം എത്തിച്ചത്. കോഴിക്കോട് നിന്നും എത്തിച്ചിട്ടുണ്ട്. മൂന്നുടണ്‍ പച്ചക്കറിയാണ് രണ്ടുദിവസങ്ങളിലായി ഉപയോഗിക്കുന്നത്. ഇടുക്കിയില്‍ നിന്നാണ് ചായപ്പൊടി, കാപ്പിപ്പൊടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ. സദ്യക്കുള്ള വാഴയില വയനാട്ടില്‍ നിന്ന്.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചായകൗണ്ടറുകള്, പാലക്കാടന്‍ ചിപ്സ്, കരിപ്പോട് മുറുക്ക്, പഴം പുഴുങ്ങിയത്, ജിലേബി, ഗുലാബ് ജാമുന്, ഫ്രൂട്ട് സാലഡ് എന്നിവയും നല്‍കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജോ.കണ്‍വീനര്‍ പി.രഘുനാഥ് എന്നിവര്‍ക്കാണ് ഭക്ഷണക്കമ്മറ്റിയുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: