ശൂരനാട് വീടുകളില്‍ മോഷണം; 16 പവന്‍ സ്വര്‍ണം കവര്‍ന്നു

Saturday 24 September 2016 1:57 pm IST

കുന്നത്തൂര്‍: ശൂരനാട് വടക്ക് നടുവിലേമുറിയില്‍ മോഷണ പരമ്പരയില്‍ 16 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയും കവര്‍ന്നു. വ്യാഴാഴ്ച്ച രാത്രി രണ്ടിനും മൂന്നിനും ഇടക്ക് മോഷണം നടന്നതായാണ് സൂചന. രണ്ട് വീടുകളില്‍ മോഷണവും മൂന്ന് വീടുകളില്‍ മോഷണശ്രമവും നടന്നു. മാവന്നൂര്‍ രാഘവന്‍പിള്ളയുടെ വീട്ടില്‍ നിന്നാണ് പതിനാറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. മേശപ്പുറത്ത് ഊരിവച്ചിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇതിന് സമീപത്തെ വീടായ സാഗറില്‍ ശശിധരന്‍പിള്ളയുടെ വീട്ടില്‍ നിന്നുമാണ് പതിനായിരം രൂപ മോഷ്ടിച്ചത്. പെട്ടിയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപവീടുകളായ കണ്ണവത്ത് വീട്ടില്‍ സന്തോഷ്‌കുമാര്‍, പൊന്നൂസില്‍ സജീവ്, സുധാ ഭവനത്തില്‍ സുരേന്ദ്രന്‍പിള്ള എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നു. ജനലിന്റെ പാളി ഇളക്കിയും കതകിന്റെ കൊളുത്ത് പൊളിച്ചും അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കതക് പൊളിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്ത് ഇറങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഡിവൈഎസ്പി കൃഷ്ണകുമാര്‍ സ്ഥലത്തെത്തി. ശാസ്താംകോട്ട സിഐ പ്രസാദ്, ശൂരനാട് എസ്‌ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒരു ചെറിയ ഇടവേളക്ക് ശേഷം മേഖലയില്‍ മോഷണം പുനരാരംഭിച്ചത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.