നമ്മുടെ 18 സൈനികരെ അവര്‍ കൊന്നു; മറക്കില്ല, മറുപടി: മോദി

Sunday 25 September 2016 11:02 am IST

സ്‌നേഹാര്‍പ്പണം: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാരാര്‍പ്പണം ചെയ്യുന്നു.രാജ്‌നാഥ് സിങ്, പി.എസ്. ശ്രീധരന്‍ പിള്ള, അമിത് ഷാ, വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, നളിന്‍കുമാര്‍ കട്ടീല്‍ എംപി, എച്ച്. രാജ, എല്‍.കെ. അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ സമീപം- ജന്മഭൂമി

കോഴിക്കോട്: ഉറി ഭീകരാക്രമണം മറക്കില്ലെന്നും മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ ഉറി ഭീകരാക്രമണത്തോട് ആദ്യ പരസ്യപ്രതികരണമായിരുന്നു. ബിജെപി ദേശീയ കൗണ്‍സിലിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്തെ കെ.ജി. മാരാര്‍ നഗറില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി മോദിയുടെ പ്രഖ്യാപനം.

പ്രധാനമന്ത്രിപദമേറിയ ശേഷം ആദ്യമായാണ് പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ മോദി വിമര്‍ശിക്കുന്നത്. പാക്കിസ്ഥാനോടും ലോകരാഷ്ട്രങ്ങളോടുമുള്ള ഭാരതത്തിന്റെ നയപ്രഖ്യാപനത്തിലൂടെ കോഴിക്കോട് പ്രസംഗം ചരിത്രമായി.

യുദ്ധത്തിനു തയ്യാറാണെന്നു പറഞ്ഞ പ്രധാനമന്ത്രി അത് ആദ്യം ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ, വിദ്യാഭ്യാസത്തിനു വേണ്ടിയാകാമെന്നു പറഞ്ഞു. സ്വന്തം ജനതയെ വേണ്ട രീതിയില്‍ സംരക്ഷിക്കാനാവാത്ത പാക്കിസ്ഥാന്‍ ഭരണാധികാരികളോട് യുദ്ധം ചെയ്യാന്‍ പാക് ജനതയെ അദ്ദേഹം ആഹ്വാനം ചെയ്തു. ബലൂചിസ്ഥാന്‍ അടക്കമുള്ള സ്വാതന്ത്ര്യദാഹികളായ പാക് പ്രവിശ്യകളിലെ ജനങ്ങളുടെ ആവേശം ഉയര്‍ത്തുന്നതായിരുന്നു ഭാരത പ്രധാനമന്ത്രിയുടെ പ്രസംഗം.

പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
ഏഷ്യയുടെ വികസനത്തിന് തടസം പാക്കിസ്ഥാന്‍ മാത്രം. ഭാരതം ലോകമെമ്പാടും ഐടി കയറ്റി അയയ്ക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നത്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടും. പാക് ഭീകരവാദത്തിന് മുന്നില്‍ ഭാരതം മുട്ടുമടക്കില്ല. ഉറിയില്‍ 18 ഭാരത സൈനികരെ കൊന്ന ഭീകരര്‍ക്ക് ഭാരതം ഒരിക്കലും മാപ്പു നല്‍കില്ല. പാക്കിസ്ഥാന്‍ അടുത്തിടെ നടത്തിയ 17 നുഴഞ്ഞുകയറ്റങ്ങള്‍ സൈന്യം തടഞ്ഞ് 110 ഭീകരരെ കൊന്നു. ആയുധബലം മാത്രമല്ല 125 കോടി ജനങ്ങളുടെ മാനസിക പിന്തുണയാണ് സൈന്യത്തിന്റെ വീര്യം. 1000 വര്‍ഷം ഭാരതത്തോട് പൊരുതുമെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ തോല്‍വി പലവട്ടം കണ്ടതാണ്.

1947ന് മുന്‍പ് നിങ്ങളുടെ പൂര്‍വ്വികരും പ്രണമിച്ചത് ഈ നാടിനെയാണ്. അതിനാല്‍ പാക് ജനതയ്ക്ക് വേണ്ടിയാണ് ഭാരതം സംസാരിക്കുന്നത്. പിഒകെ, ഗില്‍ഗിത്, ഫത, ബംഗ്ലാദേശ്, ബലൂചിസ്ഥാന്‍ ജനങ്ങളെ പാക്ക് ഭരണാധികാരികള്‍ നോക്കിയില്ല. കശ്മീരിലെ ജനങ്ങളെപ്പറ്റി പറയാന്‍ അതിനാല്‍ അധികാരമില്ല. നാടിന്റെ പിന്നാക്കാവസ്ഥക്ക് പാക് ജനത നേതാക്കളെ ചോദ്യം ചെയ്യണം. ഭീകരതയോടും പിന്നാക്കാവസ്ഥയോടും പാക് ജനതയും ഭാരതവും യോജിച്ച് ഏറ്റുമുട്ടണം.

1000 വര്‍ഷം എതിരിടുമെന്ന വെല്ലുവിളി ഭാരതം ഏറ്റെടുക്കുന്നു. ഇരു രാജ്യങ്ങളിലെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ആരു ജയിക്കുമെന്ന് നോക്കാം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും മത്സരിക്കാം. നവജാത ശിശുമരണ നിരക്കും ഗര്‍ഭിണികളുടെ മരണ നിരക്കും കുറയ്ക്കുന്നതില്‍ മത്സരിക്കാം. ശാന്തിയിലും ഏകതയിലും സദ്ഭാവനയിലുമാണ് ഭാരത സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് ഗരീബ് കല്യാണ്‍ വര്‍ഷമായാണ് ദീനദയാല്‍ ജന്മശതാബ്ദി ആഘോഷിക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, അമ്പത് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, മുന്നൂറോളം എംപിമാര്‍, ഇരുനൂറോളം സംസ്ഥാന മന്ത്രിമാര്‍, അഞ്ഞൂറോളം എംഎല്‍എമാര്‍ എന്നിവരെ സാക്ഷി നിര്‍ത്തിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.