സിപിഎമ്മില്‍ ജാതി ഉണ്ടെന്ന് നോട്ടീസ്

Saturday 24 September 2016 9:00 pm IST

തിരുവനന്തപുരം: നമുക്ക് ജാതിയില്ലാ വിളംബരം കൊണ്ടാടുന്ന~ സിപിഎം നേതൃത്വത്തിനെതിരെ അണികള്‍. ജാതിയില്ലാ വിളംബരം നടത്തുന്നവര്‍ സ്വന്തം പാര്‍ട്ടിസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചതിലെ ജാതി വിവേചനം ചുണ്ടിക്കാട്ടിയാണ് ലോക്കല്‍ കമ്മറ്റി രംഗത്തുവന്നത്. പാറശ്ശാല മണ്ഡലത്തിലെ ആര്യന്‍കോട് ലോക്കല്‍ കമ്മറ്റിയിലെ ഒരു വിഭാഗമാണ് സിപിഎമ്മിലെ ജാതി വിവേചനത്തിനെതിരെ പരസ്യമായി നോട്ടീസ് പ്രചരണം നടത്തുന്നത്. നമുക്ക് ജാതിയില്ലാ എന്ന് പറയുന്നവര്‍ ലോക്കല്‍ കമ്മറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ആര്യന്‍കോട് ലോക്കല്‍ കമ്മറ്റിയിലെ 20 അംഗങ്ങളില്‍ 12 പേര്‍ നായന്മാരാണ്. നാടാര്‍ വിഭാഗത്തില്‍ നിന്നു നാലും ഈഴവ വിഭാഗത്തില്‍ നിന്നും എസ്‌സി വിഭാഗത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ ഭരണത്തിലുള്ള ആര്യന്‍കോട് സര്‍വ്വീസ് സഹകരണ സംഘത്തിലെ ഭരണസമിതിയിലും ഉദ്യോഗ നിയമനത്തിലും ജാതി വിവേചനം ഉള്ളതായി കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു. പിന്നാക്ക ജാതിക്കാരില്‍ നിന്ന് ഒന്നോ രണ്ടോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയപ്പോള്‍ മുന്നാക്കവിഭാഗത്തില്‍ നിന്നു 12ല്‍ അധികം പേര്‍ക്ക് നിയമനം നല്‍കി. ഭരണസമിതിഅംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതും ഇതേരീതിയില്‍. ആര്യന്‍കോട് എല്‍സി കമ്മറ്റിയുടെ നേതൃത്വത്തില്‍ നമുക്ക് ജാതിയില്ലാ സമ്മേളനത്തിനു തൊട്ടു മുമ്പ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഎമ്മിലെ ഒരു വിഭാഗം പരസ്യമായി നോട്ടീസ് വിതരണം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍നായരുടെ വീടിനു സമീപത്തായാണ് ആര്യന്‍കോട് പഞ്ചായത്തിലെ ലോക്കല്‍കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ ജില്ലാകമ്മറ്റിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കമാണ് ഇതിനു പിന്നിലെന്ന് നാഗപ്പന്‍ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നു. ജാതി മേല്‍ക്കോയ്മയും ജാതി വിവേചനവും എല്‍സിയില്‍ തുടര്‍ന്നിട്ട് ഏരിയാകമ്മറ്റിയും ജില്ലാ കമ്മറ്റി നേതാക്കളും ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒരു പ്രത്യേക ജാതിയായാല്‍ പാര്‍ട്ടി ജോലിയൊന്നും ചെയ്യാതെ നേതാവ് ചമഞ്ഞ് നടക്കാമെന്നും നമുക്ക് ജാതിയില്ലാ എന്ന ശ്രീനാരായണഗുരുദേവന്റെ പ്രമേയത്തെ പ്രചരിപ്പിച്ച് നടക്കാന്‍ നാണമില്ലേ എന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.