അവര്‍ അന്നത്തെ ഓര്‍മകളില്‍

Saturday 24 September 2016 9:29 pm IST

അന്‍പത് വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുകയാണ് ഭാരതീയവിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനും ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണനും. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂതിരി സ്‌കൂളില്‍ നടന്ന സ്മൃതി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. 1967 ലെ സമ്മേളനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും ഇരുവരുടെയും മനസ്സിലുണ്ട്. സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചവരായിരുന്നു ഇരുവരും. നൊസ്റ്റാള്‍ജിയ സംഭവിക്കുന്നുവെന്നായിരുന്നു പി. നാരായണന്റെ അഭിപ്രായം. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നെന്ന് പി. പരമേശ്വരന്‍ ഓര്‍ക്കുന്നു. ഭക്ഷണത്തിന് പോലുമുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത കാലം. മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റായിരുന്നു അന്ന്. പ്രതിനിധികളോട് അവര്‍ക്ക് ലഭിക്കുന്ന റേഷനുമൊക്കെയായി വരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അങ്ങനെ വരികയും ചെയ്തു. അന്നത്തെ സമ്മേളനം സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിനു തുടക്കംകുറിക്കുന്നതിനും കാരണമായി. ശ്രീനാരായണഗുരുദേവന്റെ ആസ്ഥാനമായ ശിവഗിരിയില്‍ നിന്നാരംഭിച്ച പതാക വഹിച്ചുകൊണ്ട് ശ്രീനാരായണഗുരു നഗറില്‍ നടന്ന സമ്മേളനം വലിയൊരു കോളിളക്കം സൃഷ്ടിച്ചതായും പി. പരമേശ്വരന്‍ പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് ദേശീയതയുടെ പുതിയ തരംഗം രചിക്കപ്പെടാന്‍ 1967 ലെ സമ്മേളനംകൊണ്ട് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ തുടര്‍ച്ചയായ വളര്‍ച്ചയാണ് നമ്മള്‍ ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് കേരളത്തിലുണ്ടായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്നും പി. പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ ഭാഗമായി ദീനദയാല്‍ജി നടത്തിയ പ്രസംഗങ്ങള്‍ ഇന്നും പി. നാരായണന്റെ മനസ്സിലുണ്ട്. ഇപ്പോള്‍ നടക്കുന്നത് പരിവര്‍ത്തന കാലഘട്ടമാണെന്നായിരുന്നു ദീനദയാല്‍ജി പറഞ്ഞത്. കോണ്‍ഗ്രസ് യുഗം അവസാനിച്ച് പുതിയ യുഗം ആരംഭിക്കുന്നതിനു മുമ്പുള്ള അന്തരാള ഘട്ടം. ഈ അന്തരാളഘട്ടത്തിലെ നയവും കാര്യങ്ങളുമാണ് നാം നടപ്പാക്കേണ്ടത്. കടുംപിടിത്തമല്ല, രാഷ്ട്രത്തിലെ ജനങ്ങളെ മുഴുവന്‍ കൂടെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നായിരുന്നു ദീനദയാല്‍ജിയുടെ അഭിപ്രായം. ന്യൂനപക്ഷ സമുദായങ്ങളോടുള്ള സമീപനത്തെക്കുറിച്ചും ദീനദയാല്‍ജി നിലപാട് വ്യക്തമാക്കിയിരുന്നു. ജനസംഘം ഹിന്ദു പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം - ക്രിസ്ത്യന്‍ സമുദായങ്ങള്‍ ജനസംഘത്തെ അടുത്തറിയാന്‍, ജനസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ അവരുടെ വിചാരങ്ങളും പ്രശ്‌നങ്ങളും അടുത്തറിയാനാവുമെന്നും അങ്ങനെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു ഏകാത്മ മാനവദര്‍ശനം ഏതൊക്കെ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നതിന് ഒരു രൂപരേഖ തയ്യാറാക്കാനും ദീനദയാല്‍ജി സമ്മേളന കാലഘട്ടത്തില്‍ തീരുമാനിച്ചിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.