സംഘ ശാഖകള്‍ കല്പവൃക്ഷം പോലെ: മോഹന്‍ ഭാഗവത്

Sunday 25 September 2016 8:37 am IST

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘടിപ്പിച്ച ബാല സ്വയംസേവക സാംഘിക്കില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിക്കുന്നു. തിരുവനതപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ.് രമേശ്, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത സഹ സേവാ പ്രമുഖ് ജി.വി. ഗിരീഷ്, മഹാനഗര്‍ സംഘചാലക് ഗിരീഷ് സമീപം.

തിരുവനന്തപുരം: സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്നത് കല്പവൃക്ഷം പോലെയാണെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബാല സ്വയംസേവകരുടെ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

കല്പവൃക്ഷം ആവശ്യപ്പെടുന്നതെല്ലാം നമുക്ക് തരുന്നു. അവരവര്‍ക്ക് വേണ്ടതേ ആവശ്യപ്പെടാന്‍ പാടുള്ളൂ. ഇത്തരത്തില്‍ ലഭിക്കുന്ന ആവശ്യങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആപത്തിലേക്ക് എത്തിക്കും. ശാഖകളിലൂടെ നാം സ്വായത്തമാക്കേണ്ട പ്രധാന പാഠം ഇതാണ്. വേണ്ടുന്നതേ ആഗ്രഹിക്കാവൂ. എങ്കില്‍ മാത്രമേ ദേശത്തിനു ഗുണകരമാകൂ.

ശാഖകളില്‍ നിന്നു നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം ദേശസേവനത്തിനുപകരിക്കുന്നതാണ്. മാതാപിതാക്കള്‍ നമ്മെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കുന്നു. തിരികെ അവരെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ശ്രീകൃഷ്ണന്റെ കഥ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ബാല്യകാലത്ത് ഒരുപാട് ക്രൂരതകളെ ശ്രീകൃഷ്ണന് നേരിടേണ്ടി വന്നു. അതെല്ലാം തരണംചെയ്ത് തന്റെ മാതാപിതാക്കളെ കരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. ഇത്തരത്തില്‍ ഇന്നു നാം അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്കെല്ലാം നിദാനം നമ്മെ വളര്‍ത്തിവലുതാക്കിയ ഭാരതമാതാവാണ്. തിരികെ ഭാരതത്തെ സംരക്ഷിക്കേണ്ട കടമയും നമ്മളില്‍ നിക്ഷിപ്തമാണ്. നമ്മള്‍ ഓരോരുത്തരും ഭാരതമാതാവിന്റെ മക്കളാണ്. ദേശത്തിന്റെ ഉയര്‍ച്ചയില്‍ നാം പങ്കാളികളാകണം.

ദേശസേവനത്തിന് ഓരോ ഭാരതീയനും സദാ സന്നദ്ധരാകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശ്, ജില്ലാ സംഘചാലക് ഗിരീഷ്, ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമാലയന്‍, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഒ.കെ. മോഹന്‍, സഹപ്രാന്ത പ്രചാരക് എസ്.സുദര്‍ശന്‍, പ്രാന്തീയ സേവാപ്രമുഖ് എ.വിനോദ്, പ്രാന്തസഹ സേവാപ്രമുഖ് ജി.വി. ഗിരീഷ്, വിഭാഗ് പ്രചാരക് കിരണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോ. മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയില്‍

കൊച്ചി: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരത്തില്‍ ഇന്ന് പങ്കെടുക്കും. വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന അദ്ദേഹം വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.