കാഞ്ഞിരപ്പള്ളി: പലചരക്കു കടയില്‍ മോഷണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ഇഞ്ചിയാനി കരടിമല സ്വദേശി സതീഷ് മോഹനന് (കണ്ണന് 19) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ 3ന് ഇരുപത്താറാം മൈലിലുള്ള പലചരക്കുകടയില്‍ നിന്നും ഇയാള്‍ പുറത്തിറങ്ങുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവറാണ് പോലീസില്‍ വിവരം അറിയിച്ചത്. സൈക്കിളില്‍ കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. ഷിന്റോ പി.കുര്യനും സിവില്‍ പൊലീസ് ഓഫിസര്‍ മനോജ് കുമാറും എത്തി ഇയാളെ പിന്തുടര്ന്ന് പിടികൂടി ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയ വിവരം അറിയുന്നത്.
പലചരക്കു കടയില്‍ നിന്ന് മൂന്നു പാക്കറ്റ് സിഗരറ്റും 150 രൂപയുമാണ് മോഷ്ടിച്ചത്. പൂതക്കുഴിയിലെ സ്റ്റേഷനറി കടയിലും ഇയാള്‍ കയറിയെങ്കിലും പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. പാലായില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടു വന്ന സൈക്കിളിലാണ് ഇയാള്‍ കാഞ്ഞിരപ്പള്ളിയിലെത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും റീചാര്‍ജ് കൂപ്പണുകളും കണ്ടെടുത്തു. ഇവ തലശേരിയിലെ ഒരു കടയില്‍ നിന്നും മിഠായി വാങ്ങുന്നതിനിടെ കടയുടമ കാണാതെ മേശപ്പുറത്തു നിന്നും തട്ടിയെടുത്തതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: