2018ല്‍ ബിജെപി ത്രിപുര ഭരിക്കും: ബിപ്ലവ് കര്‍ ദേബ്

Saturday 24 September 2016 5:26 pm IST

കോഴിക്കോട്: കോഴിക്കോട്ട് ബിജെപി ദേശീയ കൗണ്‍സിലിനെത്തിയ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് കര്‍ ദേബ് ജന്മഭൂമിയോട് സംസാരിക്കുന്നു

? ത്രിപുരയിലെ രാഷ്ട്രീയസാഹചര്യം

ബിജെപിക്ക് വളരെ അനുകൂല രാഷ്ട്രീയ സാഹചര്യമാണ് ത്രിപുരയില്‍. 2018 ല്‍ ബിജെപി ത്രിപുര ഭരണം പിടിക്കും. നിയമസഭയില്‍ ഇപ്പോള്‍ എംഎല്‍എമാരില്ലെങ്കിലും അവസാനം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 30 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയ പാര്‍ട്ടിയാണ് ബിജെപി. പ്രധാനപ്രതിപക്ഷത്തു നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിരിക്കുകയാണ്.

? മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണത്തെ എങ്ങനെ മറികടക്കാനാകും

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദുര്‍ബല പ്രതിപക്ഷമാണ് ത്രിപുരയില്‍ മണിക് സര്‍ക്കാരിനെ തുടര്‍ച്ചയായി നാലുതവണ അധികാരത്തിലെത്തിച്ചത്. എന്നാല്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താതെ കേവലം ഊതിവീര്‍പ്പിച്ച പ്രതിച്ഛായയില്‍ വിരാജിക്കുകയാണ് മണിക് സര്‍ക്കാര്‍. ത്രിപുരയുടെ സമഗ്രപുരോഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ പോലും നേരെ നടത്തുന്നില്ല. മണിക് സര്‍ക്കാരിന്റെ കോട്ടങ്ങളും വികസന മുരടിപ്പും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും ജനകീയ പദ്ധതികളും വിവരിച്ച് ത്രിപുരയിലെ ജനങ്ങളെ സമീപിച്ചാല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തും. സുതാര്യവും സത്യസന്ധവുമായ അഴിമതിരഹിത ഭരണമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ മണിക് സര്‍ക്കാരിനായി. എന്നാല്‍ മുഖ്യമന്ത്രിയെന്ന സ്ഥാനത്തിരുന്ന അധികാരത്തിന്റെ തണല്‍ ആവോളം ആസ്വദിക്കുകയാണ് അദ്ദേഹം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന ഭാരതത്തിലെ ആദ്യ മുഖ്യമന്ത്രിയും അദ്ദേഹമാണ്. 50 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഹെലികോപ്ടറിന്റെ സേവനം തേടുന്ന ത്രിപുര മുഖ്യമന്ത്രി തകര്‍ന്ന ദേശീയപാതകളെക്കുറിച്ചും പകുതിവഴിയില്‍ സ്തംഭിച്ചിരിക്കുന്ന റോഡ് നിര്‍മാണത്തെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല. സര്‍വമേഖലയിലും ത്രിപുര വികസന മുരടിപ്പ് നേരിടുകയാണ്. എന്നാല്‍ ഇടത് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ വീഴ്ചകള്‍ മറച്ച് അദ്ദേഹം മുന്നോട്ടു പോകുന്നു.

? യഥാര്‍ഥത്തില്‍ ത്രിപുര നേരിടുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണ്

ത്രിപുരയില്‍ ഐടി വ്യവസായത്തിന് ഒട്ടും വളര്‍ച്ചയില്ല. ഒരുവിധപ്പെട്ട വ്യവസായങ്ങളെല്ലാം തകര്‍ന്നു. സിഐടിയുവിന്റെ ഗുണ്ടായിസവും സര്‍ക്കാരിന്റെ തെറ്റായനയവും ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ത്രിപുരയില്‍ മണ്ണില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയിട്ടും ഒരു പ്രയോജനവും ഉണ്ടാക്കാനായില്ല. ഇത് വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ വൈദ്യുതി ഉത്പാദനത്തില്‍ മിച്ചം വരുത്തി വില്‍ക്കാന്‍ കഴിയും. ഏറ്റവും നല്ല ജൈവവളക്കൂറുള്ള മണ്ണാണ് ത്രിപുരയിലേത്. പക്ഷേ നിഷ്‌ക്രിയമാണ് സര്‍ക്കാര്‍. 12 വര്‍ഷമായി അഗര്‍ത്തല ആസാം ദേശീയപാത തകര്‍ന്നിരുന്നു. കേന്ദ്രത്തില്‍ മോദി അധികാരമേറ്റശേഷം നിതിന്‍ഗഡ്കരി ഇടപെട്ടാണ് ഈ പാതയുടെ പുനര്‍നിര്‍മാണം ആരംഭിച്ച് വേഗത്തിലാക്കിയത്. അദ്ദേഹം നേരിട്ട് എല്ലാദിവസവും പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനാല്‍ അതിദ്രുതം റോഡ് നിര്‍മാണം മുന്നോട്ടു പോകുന്നു.

? ത്രിപുരയില്‍ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങള്‍

ത്രിപുരയിലെ ജനസംഖ്യ 37 ലക്ഷമാണ്. ഇവിടെയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 30 ശതമാനം വോട്ടുനേടാനായത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ നാലുശതമാനത്തിനടുത്ത് വോട്ടാണ് ലഭിച്ചത്. അച്ചടക്കവും ഒത്തൊരുമയും കാഴ്ചവച്ച് ബിജെപി മുന്നേറുന്നു. ഇന്ന് ത്രിപുരയിലെ യുവതലമുറയും സ്ത്രീകളും ബിജെപിക്കൊപ്പമാണ്. അഗര്‍ത്തലയില്‍ നടന്ന അവസാന റാലിയില്‍ ബിജെപി 25,000 പ്രവര്‍ത്തകരെ അണിനിരത്തി. 25 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണിത്. ഒക്‌ടോബര്‍ അവസാനവാരം മണിക് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കും. അധികാരം നഷ്ടപ്പെടുമെന്ന ചിന്തയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന് ബിജെപി പേടി ബാധിച്ചിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം മോദിസര്‍ക്കാരിനെ വ്യാജപ്രചാരണങ്ങളിലൂടെ ആക്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.