ജില്ലാ ക്ഷീരസംഗമത്തിനായി കാലാമ്പൂര്‍ ഒരുങ്ങി

Thursday 22 March 2012 9:49 pm IST

കൊച്ചി: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്ഷീരസംഗമം 24, 25 തീയതികളില്‍ മൂവാറ്റുപുഴ ബ്ലോക്കിലെ കാലാമ്പൂര്‍ ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌, സംസ്ഥാന മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്‌,പി.ജെ. ജോസഫ്‌, പി.കെ. ജയലക്ഷ്മി എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ക്ഷീരസംഘങ്ങള്‍, മില്‍മ, കേരള ഫീഡ്സ്‌, തൃത്താല പഞ്ചായത്തുകള്‍, സഹകരണസ്ഥാപനങ്ങള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ക്ഷീരവികസന വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ വി. ഉണ്ണി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‌ അനുവദിച്ച അഞ്ചു കോടി രൂപ അധിക കേന്ദ്ര സഹായ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും സംഗമത്തോടനുബന്ധിച്ച്‌ നടക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ കന്നുകാലി പ്രദര്‍ശന മത്സരം, വിപണനമേള, ഡയറി എക്സിബിഷന്‍ എന്നിവയോടെയാണ്‌ സംഗമത്തിന്‌ തുടക്കം കുറിക്കുക. രാവിലെ ഒമ്പതിന്‌ ജോസഫ്‌ വാഴയ്ക്കന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജലവിഭവമന്ത്രി പി.ജെ. ജോസഫ്‌ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ കാലിത്തീറ്റ സബ്സിഡി വിതരണം വികസനകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്‌ നിര്‍വഹിക്കും. മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.
24-ന്‌ രാവിലെ 9.30 മുതല്‍ കൊയക്കാട്ട്‌ ഓഡിറ്റോറിയത്തില്‍ ക്ഷീര വികസന സെമിനാര്‍ നടക്കും. ഉച്ചയ്ക്ക്‌ രണ്ടിന്‌ സെമിനാര്‍ സമാപന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്ഘാടനം ചെയ്യും. ഡയറി ക്വിസിന്റെ ഉദ്ഘാടനം, പട്ടികവര്‍ഗക്ഷേമ-യുവജനകാര്യമന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും.
25-ന്‌ രാവിലെ 10.30ന്‌ നടക്കുന്ന പ്രത്യേക കേന്ദ്ര സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസനമന്ത്രി കെ.സി. ജോസഫ്‌ നിര്‍വഹിക്കും. ചടങ്ങില്‍ ജോസഫ്‌ വാഴയ്ക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്‌ എക്സൈസ്മന്ത്രി കെ. ബാബു സമ്മാനിക്കും. മില്‍ക്ക്‌ കളക്ഷന്‍ റൂം സഹായ വിതരണം പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നിര്‍വഹിക്കും. ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ്‌ മുന്‍ മന്ത്രി പി.പി. തങ്കച്ചന്‍ നല്‍കും. കാലിത്തീറ്റ സബ്സിഡി വിതരണം പി.ടി. തോമസ്‌ എം.പി ഉദ്ഘാടനം ചെയ്യും.
ക്ഷീരവികസന വകുപ്പ്‌ ഡയറക്ടര്‍ കെ.ടി. സരോജിനി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ടി.യു. കുരുവിള, ഡൊമിനിക്‌ പ്രസന്റേഷന്‍, ബെന്നി ബഹന്നാന്‍, എസ്‌. ശര്‍മ, സാജു പോള്‍, അന്‍വര്‍ സാദത്ത്‌, വി.പി. സജീന്ദ്രന്‍, ജോസ്‌ തെറ്റയില്‍, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.