ബന്ധുവിനുവേണ്ടി ഡിവൈഎസ്പി ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

Sunday 25 September 2016 4:15 pm IST

ശാസ്താംകോട്ട: സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുവിനുവേണ്ടി കൊട്ടാരക്കര ഡിവൈഎസ്പി യുവാവിനെ ലോക്കപ്പല്‍ കയറ്റി നഗ്നാക്കി മര്‍ദ്ദിച്ചു. കൊലപാതക ശ്രമത്തിന് കേസും ചാര്‍ജ്ജ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെ കോടതി റിമാന്റു ചെയ്തിരിക്കുകയാണ്. പോരുവഴി അമ്പലത്തുംഭാഗം രശ്മിഭവനത്തില്‍ സി.എസ്.കിരണി(27)നെയാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ വച്ച് കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാര്‍ മര്‍ദ്ദിച്ചത്. കിരണും സമീപവാസിയായ ഓമനക്കുട്ടന്‍പിള്ളയുമായി കഴിഞ്ഞ ബുധനാഴ്ച മുതുപിലാക്കാട് ഊക്കന്‍മുക്കില്‍ വച്ച് വാക്കേറ്റവും അടിച്ചുപിടിയുമുണ്ടായി. കിരണിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് ഉണ്ണി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് ഇരുവരെയും പിറ്റേന്ന് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് വില്ലനായി കൊട്ടാരക്കര ഡിവൈഎസ്പി എത്തുന്നത്. ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ സുഹൃത്തിന്റെ ഭാര്യ സഹോദരനാണ് പരാതിക്കാരന്‍. അടിപിടി കേസില്‍ കൊലപാതകശ്രമം വകുപ്പായി 308 കിരണിനെതിരെ ചേര്‍ക്കാന്‍ ശാസ്താംകോട്ട പോലീസിന് ഡിവൈഎസ്പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യത്തില്‍ വിടാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയാറായില്ല. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി കൃഷ്ണകുമാര്‍ കിരണിനെ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ പരാതിക്കാരും പൊതു പ്രവര്‍ത്തകരും നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനം. ഇവനെ രണ്ട് ദിവസം കൂടി ഇങ്ങനെ നിര്‍ത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഡിവൈഎസ്പി മടങ്ങിയത്. കിരണിനെ അറസ്റ്റ് ചെയ്തിട്ട് ഒരുദിവസം കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കാത്തത് അറിഞ്ഞ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും സ്റ്റേഷനിലെത്തി അവസ്ഥ ബോധ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. കിരണിനെ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കേണ്ടയെന്നത് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശമാണ് അതിനാല്‍ ഡിവൈഎസ്പിയുടെ മുന്നില്‍ പോയി പ്രശ്‌നം ഉണ്ടാക്കു എന്ന് ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസുകാര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കിരണിന്റെ അച്ഛന്‍ ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കിരണിനെ എത്രയുംവേഗം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. രാത്രി എട്ടിനോടെ പോലീസ് കിരണിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. അവിടെ വച്ച് തന്നെ നഗ്നനാക്കി ഡിവൈഎസ്പി മര്‍ദ്ദിച്ച വിവരം കിരണ്‍ പോലീസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയതിനായി പിന്നീട് പോലീസിന്റെ അമര്‍ഷം. സ്റ്റേഷനു മുന്നിലുണ്ടായിരുന്ന കിരണിന്റെ ബന്ധുക്കളെയും പൊതുപ്രവര്‍ത്തകരെയും ശാസ്താംകോട്ട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരസ്യമായി അസഭ്യം വിളിച്ചു. കൊട്ടാരക്കര ഡിവൈഎസ്പിക്കും ശാസ്താംകോട്ട സിഐക്കുമെതിരെ ഇവര്‍ പോലീസ് കംപ്ലയിന്റ് അതോറിട്ടിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.