എഴുപുന്ന റോഡില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

Sunday 25 September 2016 4:44 pm IST

എരമല്ലൂര്‍: തീരപ്രദേശങ്ങളില്‍ ജപ്പാന്‍, ജന്റം പദ്ധതികള്‍ വഴിയുള്ള കുടിവെള്ള പൈപ്പുകള്‍ പൊട്ടി ചെല്ലാനം -എഴുപുന്ന റോഡില്‍ശുദ്ധജലം പാഴാകുന്നു. പത്തോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ പൈപ്പുകള്‍ പൊട്ടിയിരിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. പമ്പിങ് സമയങ്ങളിലെ വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലം കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റാതെ പദ്ധതികള്‍ വഴി കുടിനീര്‍ക്ഷാമം മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചതാണ് ഇത്തരത്തില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകാന്‍ കാരണം. പദ്ധതികള്‍ കുടിനീര്‍ ക്ഷാമത്തിന് വളരെ ആശ്വാസമായെങ്കിലും പൈപ്പ് പൊട്ടല്‍ വ്യാപകമായതോടെ പല സ്ഥലങ്ങളിലും കുടിനീര്‍ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ചെല്ലാനം -എഴുപുന്ന റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം റോഡുതകര്‍ച്ചയ്ക്ക് കാരണമാകുന്നു. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാന്‍ അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ പദ്ധതികള്‍ വഴി എത്തുന്ന കുടിവെള്ളം ജനങ്ങള്‍ക്ക് പ്രയോജനമല്ലാതാകും. ഇനിയെങ്കിലും പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താന്‍ ബന്ധപ്പെട്ട വാട്ടര്‍ അതോറിട്ടി അധികൃതരും ജനപ്രതിനിധികളും ഗൗരവപൂര്‍വ്വം ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.