കാസര്‍കോട്‌ നഗരം കാവിയണിഞ്ഞു; ബിഎംഎസ്‌ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

Thursday 22 March 2012 10:40 pm IST

കാസര്‍കോട്‌ : സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്‌ ആദ്യമായി നടക്കുന്ന ബിഎംഎസ്‌ സംസ്ഥാന സമ്മേളനത്തെ എതിരേല്‍ക്കാന്‍ നഗരം കാവിയണിഞ്ഞു. ഇന്ന്‌ രാവിലെ ജില്ലയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയും നാളെ രാവിലെ അഡ്വ.പി.സുഹാസ്‌ നഗറില്‍ (മുരളിമുകുന്ദ്‌ ഓഡിറ്റോറിയം) സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും.
ഇന്ന്‌ രാവിലെ 10 മണിക്ക്‌ നടക്കുന്ന ജില്ലാ റാലിയില്‍ 11 മേഖലകളെ പ്രതിനിധീകരിച്ചാണ്‌ പ്രവര്‍ത്തകര്‍ അണിനിരക്കുക. തൃക്കരിപ്പൂര്‍, നീലേശ്വരം, വെള്ളരിക്കുണ്ട്‌, പാണത്തൂര്‍, ഹോസ്ദുര്‍ഗ്‌, ഉദുമ, മഞ്ചേശ്വരം കുമ്പള, ബദിയഡുക്ക, മുള്ളേരിയ, കാസര്‍കോട്‌ എന്നീ ക്രമത്തിലാണ്‌ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരക്കേണ്ടത്‌. താളിപ്പടവ്‌ മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ്‌ പരിസരത്ത്‌ സ്പീഡ്‌വെ ഗ്രൗണ്ടില്‍ സമാപിക്കും. പ്രകടനത്തിന്‌ ശേഷം നടക്കുന്ന പൊതു സമ്മേളനം അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി സുരേന്ദ്രാജി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാഗത സംഘ അദ്ധ്യക്ഷന്‍ ആര്‍ ആര്‍ കെഎംഎസ്‌ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ കൂടിയായ സി.എച്ച്‌. സുരേഷ്‌ അദ്ധ്യക്ഷത വഹിക്കും.
ഉച്ചക്ക്‌ 3 മണിക്ക്‌ അഡ്വ.പി.സുഹാസ്‌ നഗറില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം നടക്കും. അഡ്വ.എം.പി ഭാര്‍ഗവന്‍ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9 മണിക്ക്‌ രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക്‌ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.എം.പി.ഭാര്‍ഗ്ഗവന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.ലക്ഷ്്മ റെഡ്ഢി ഉദ്ഘാടനം ചെയ്യും. ആര്‍ എസ്‌എസ്‌ കേരള പ്രാന്ത പ്രചാരക്‌ പി.ആര്‍ ശശിധരന്‍ പ്രഭാഷണം നടത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. എം.പി.ഭാര്‍ഗവന്‍ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ.പി.മുരളീധരന്‍ സ്വാഗതവും കാസര്‍കോട്‌ ജില്ലാ സെക്രട്ടറി ടി.കൃഷ്ണന്‍ നന്ദിയും പറയും.
ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന്‍ സാമ്പത്തിക റിപ്പോര്‍ട്ടും സമര്‍പ്പിക്കും. രാത്രി 9.30ന്‌ കാസര്‍കോടിന്റെ തനത്‌ കലാരൂപമായ യക്ഷഗാനമുണ്ടായിരിക്കും.
25ന്‌ ഞായറാഴ്ച രാവിലെ 9 മണിക്ക്‌ നടക്കുന്ന മഹിളാ സമ്മേളനം അഖിലേന്ത്യാ ഉപാദ്ധ്യക്ഷ കുമാരി മംഗളാംബ റാവു ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ കേരള പ്രാന്ത സഹ കാര്യവാഹ്‌ വി.എന്‍.ഈശ്വരന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ നടക്കുന്ന സംഘടനാ ചര്‍ച്ച ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍ നയിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടര മണിക്ക്‌ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്‌ ശേഷം സമാപന സമ്മേളനം 3 മണിക്ക്‌ ആരംഭിക്കും. അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രന്‍ സംസാരിക്കും.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.