ദേശീയ പരിവര്‍ത്തനത്തിന് തുടക്കം: അമിത് ഷാ

Monday 26 September 2016 1:04 am IST

  കോഴിക്കോട്: ബിജെപിക്ക് ഏറെ ചരിത്രപ്രാധാന്യമുള്ള കോഴിക്കോട് നടക്കുന്ന കൗണ്‍സില്‍ ദേശീയ പരിവര്‍ത്തനത്തിന് തുടക്കമിടുന്നതാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയം കൈവരിക്കുമെന്നും അമിത് ഷാ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഒരു അഴിമതി ആരോപണം പോലും നേരിടാതെ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തീകരിക്കുകയാണ്. വിവിധ കേന്ദ്രപദ്ധതികളിലൂടെ ജനക്ഷേമകരമായ ദൗത്യം കേന്ദ്രസര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. 3.65 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കാന്‍ സ്‌കില്‍ ഇന്ത്യ വഴി സാധിച്ചിട്ടുണ്ട്. 14,250 കോടി രൂപ സബ്‌സിഡി ഇനത്തില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പാചകവാതക വിതരണ മേഖലയില്‍ നടപ്പാക്കിയ ഗിവ് ഇറ്റ് അപ്പ് വഴി അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു കോടി ബിപിഎല്ലുകാരായ സ്ത്രീകള്‍ക്ക് പാചകവാതകം ലഭ്യമാക്കും. സദ്ഭരണത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നിര്‍വഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് ദേശീയ അധ്യക്ഷന്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല. കശ്മീരിനെ വേര്‍പിരിക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ടതില്ല, ഭാരതം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ചരിത്രത്തിലാദ്യമായി അസമില്‍ മൂന്നു ദിവസം നീണ്ടുനിന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളാണ് നടന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനാലാണിത് സാധ്യമായത്. ഭാരതത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളില്‍ ബിജെപി സര്‍ക്കാരുകളാണ് ഭരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തും. നിയമ വ്യവസ്ഥ പൂര്‍ണ്ണമായി നശിച്ച ഉത്തര്‍പ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. 11 കോടി അംഗങ്ങളുള്ള പാര്‍ട്ടിയാണ് ബിജെപി. വിജയപരാജയങ്ങള്‍ നേരിട്ട ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗമാണ് പാര്‍ട്ടിയുടെ ഇന്നത്തെ ഉന്നതിക്ക് കാരണം. നമ്മുടെ കാര്യകര്‍ത്താക്കളുടെ ബലിദാനവും ത്യാഗവും പരിശ്രമവും ഫലപ്രാപ്തിയിലെത്തുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പണ്ഡിറ്റ് ദീനദയാല്‍ജി മുന്നോട്ടുവെച്ച ഗരീബ് കല്യാണ്‍ എന്ന ലക്ഷ്യം നമുക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുമായി സംയോജിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ക്ഷേമ പദ്ധതികള്‍ നടപ്പാക്കും. ബിജെപി മുഖ്യമന്ത്രിമാരുടെ സമിതി തയ്യാറാക്കുന്ന പദ്ധതികള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അമിത് ഷാ ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.