ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Monday 26 September 2016 6:27 pm IST

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരന്‍ കെ.കെ.മാരാര്‍ ചിത്രരചനാ മല്‍സരം ഉദ്ഘാടനം ചെയ്തു. കേവലം ആദ്യ സ്ഥാനങ്ങള്‍ നേടുന്നതിനായുള്ള മത്സരത്തേക്കാളുപരി കുട്ടികളുടെ മനസ്സിലെ ഭാവനയെ വളര്‍ത്താനുതകുന്നതാകണം ഇത്തരം മല്‍സരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന സമ്മാനങ്ങളോ നേടുന്ന സ്ഥാനങ്ങളോ അല്ല, കാലമാണ് ഒരാളുടെ പ്രതിഭയുടെ വിധികര്‍ത്താവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. എല്‍പി, യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു മല്‍സരം. സഹോദരങ്ങള്‍ക്കൊപ്പമെത്തി മത്സരത്തിന്റെ ഭാഗമായല്ലാതെ ചിത്രം വരച്ച് മികവുകാട്ടിയ എല്‍കെജി വിദ്യാര്‍ത്ഥികളും ശ്രദ്ധേയരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കുട്ടികളുടെ രചനാകൗതുകങ്ങള്‍ കാണാനെത്തി. ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എന്റെ സ്വപ്നത്തിലെ കേരളം എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവും നടന്നു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, കെ.ശിവദാസന്‍ മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.