പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി

Monday 26 September 2016 6:26 pm IST

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജല-പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. കണ്ണൂര്‍ പ്രസ് ക്ലബ്ബുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ജലദൗര്‍ലഭ്യത്തിന്റെ നേര്‍കാഴ്ചളും നാടിന്റെ ഉര്‍വരതയുടെ ഓര്‍മപ്പെടുത്തലുകളും കാര്‍ഷികസംസ്‌കൃതിയിലേക്കുള്ള പുതുതലമുറയുടെ തിരിച്ചുവരവും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കാണികളെ ഏറെ ആകര്‍ഷിച്ചു. വയല്‍ നികത്തല്‍, ശുദ്ധജല സ്രോതസ്സുകളെ മലിനപ്പെടുത്തല്‍, നീര്‍ത്തടങ്ങളുടെ നശീകരണം തുടങ്ങി സ്വന്തം കുടിവെള്ളം മുടക്കാന്‍ നാം തന്നെ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ വരച്ചുകാട്ടുന്നതായിരുന്നു പല ചിത്രങ്ങളും. വേനലില്‍ ഗ്രാമവാസികള്‍ അടക്കമുള്ളവര്‍ ദാഹജലത്തിന്റെ അവസാനസ്രോതസ്സുകള്‍ തേടി നടത്തുന്ന യാത്രകളും ജലശൂന്യമായ വാട്ടര്‍ ടാപ്പുകള്‍ക്ക് മുമ്പിലുള്ള അനന്തമായ കാത്തിരിപ്പും അടയാളപ്പെടുത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. ജലസ്രോതസ്സുകള്‍ മുഴുവന്‍ വറ്റിത്തീര്‍ന്നപ്പോള്‍ കാലിയായ വാട്ടര്‍ടാപ്പില്‍ മുഖമമര്‍ത്തുന്ന പശുവും ഉറ്റിവീഴുന്ന അവസാന ജലത്തുള്ളിക്കായുള്ള കിളിയുടെ പിടച്ചിലും ആരെയും ചിന്തിപ്പിക്കുന്നതായിരുന്നു. ജില്ലയിലെ പ്രധാന വികസന പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പൊരുക്കിയ വികസന ചിത്രപ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.