മണല്‍ക്കടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം : പ്രകൃതി സംരക്ഷണ സമിതി

Monday 26 September 2016 8:17 pm IST

കല്‍പ്പറ്റ : ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എല്ലാവിധ ഖനനവും നിരോധിച്ച ആറാട്ടുപാറ, ഫാന്റംറോക്ക് പരിസരങ്ങളില്‍നിന്നു ശേഖരിക്കുന്ന മട്ടിപ്പാറ പൊടിച്ചും മണ്ണ് കഴുകിയും ഉല്‍പാദിപ്പിക്കുന്ന മണല്‍ കര്‍ണാടകയിലേക്ക് കടത്തുന്നതിനു ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ ഓഗസ്റ്റ് രണ്ടിനാണ് പാരിസ്ഥിതിക-ചരിത്ര പ്രാധാന്യമുള്ള ഫാന്റംറോക്കിലും ആറാട്ടുപാറയിലും കൊളഗപ്പാറയിലും ദൂരപരിധി നിശ്ചയിച്ച് ഖനനം നിരോധിച്ച് ഉത്തരവായത്. ഇത് നിലനില്‍ക്കെ മൂന്നിടങ്ങളിലും ഖനന ലോബി സജീവമാണ്. പുതിയ ക്വാറികള്‍ തെളിക്കുന്നതിനു കുന്നിന്‍മുകളില്‍നിന്നു നീക്കുന്ന മണ്ണ് കഴുകയിലും മട്ടിപ്പാറകള്‍ പൊടിച്ചുമാണ് ഫാന്റംറോക്ക്, ആറാട്ടുപാറ പരിസരങ്ങളില്‍ മണല്‍ ഉല്‍പാദനം. ദിവസവും ഏകദേശം അന്‍പത് വീതം ലോഡ് മണലാണ് ഇവിടെനിന്ന് കര്‍ണാടകയിലേക്ക് കടത്തുന്നത്. അമ്പലയല്‍, മീനങ്ങാടി, ബത്തേരി, നൂല്‍പ്പുഴ വില്ലേജ് ഓഫീസുകള്‍, മീനങ്ങാടിയിലെ ജില്ലാ ജിയോളജി ഓഫീസ് എന്നിവയ്ക്ക് മുന്നിലൂടെയും ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ചുമതലയുള്ള ബത്തേരി തഹസില്‍ദാരുടെ കാര്യാലയത്തിനു പരിസരത്തും കൂടിയാണ് മണല്‍ലോഡുകള്‍ കര്‍ണാടകയിലേക്ക് നീങ്ങുന്നത്. അമ്പലവയല്‍ മുതല്‍ മുത്തങ്ങ വരെയുള്ള പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സെയില്‍സ്ടാക്‌സ് ചെക്‌പോസ്റ്റുകളിലുടെ യാതൊരു തടസ്സവുമില്ലാതെയാണ് ലോഡുകള്‍ അതിര്‍ത്തികടക്കുന്നത്. അനധികൃത കടത്താണെന്ന് ബോധ്യമുണ്ടായിട്ടും മണല്‍ ലോബിയുടെ രാഷ്ട്രീയ സ്വാധീനവും കൈക്കൂലിയുടെ കനവുംമൂലം നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. വയനാട് നേരിടുന്ന അതിഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയുടെ പശ്ചാലത്തലത്തിലാണ് ആറാട്ടുപാറ, കൊളഗപ്പാറ, ഫാന്റംറോക്ക് എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍ ഖനനം നിരോധിച്ചത്. ഇത് കാറ്റില്‍പ്പറത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കം ചെയ്യാനും ഇവരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാനും പൊതുജനതാത്പര്യം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഭരണകൂടം തന്റേടം കാട്ടണം-സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.