ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ പൂയം തൊഴീലിന് ഭക്തസഹസ്രങ്ങള്‍ നാഗരാജ തിരുസന്നിധിയില്‍ എത്തി. ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
നട തുറന്നതോടെ ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം സുഗമമായി നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വൈകിട്ട് തിരുമുന്പില് ഇടയ്ക്കയും തിമിലയും ചേര്‍ന്ന ദേവലയ വിന്യാസത്തിലും നാഗസ്വര സേവയിലും ക്ഷേത്ര സന്നിധി ഭക്തിസാന്ദ്രമായി. ദീപാരാധന ദര്‍ശിക്കാനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഭക്തര്‍ ചുറ്റുവിളക്കുകള്‍ തെളിച്ച് ക്ഷേത്രവും ആഗമസര്പ്പക്കാവും അഷ്ടനാഗത്തറയും തേവാരപുരയും നിലവറയും പ്രഭാപൂരിതമാക്കി. ദീപ പ്രഭയുടെ നിറവില്‍ നടന്ന ദീപാരാധന ദര്‍ശിച്ച് ഭക്തസഹസ്രങ്ങള്‍ അനന്തഭഗവാനെ കൂപ്പുകൈകളോടെ വണങ്ങി. തുടര്‍ന്ന് കഥകളി നടന്നു.
ആയില്യം മഹോത്സവത്തിന്റെ ഭാഗമായുള്ള അനന്തഭഗവാന്റെ എഴുന്നെള്ളിപ്പിനും ആയില്യം പൂജയ്ക്കുമായി ആയിരങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. നാഗരാജാവിനെയും നാഗയക്ഷിയമ്മയെയും ദര്‍ശിച്ച് ഭക്തര്‍ അനുഗ്രഹം ഏറ്റുവാങ്ങും. രാവിലെ 7.30ന് സോപാനസംഗീതം, ഉച്ചയ്ക്ക് മൂന്നിന് എഴുന്നെള്ളത്ത്. ആറിന് ദീപക്കാഴ്ച, ഏഴിന് സര്‍പ്പബലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: