കാഞ്ഞാര്‍: തൊടുപുഴ – മൂലമറ്റം റോഡില്‍ അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സുഗമമായ ഗതാഗതത്തിന് തടസമാകുന്നു.
സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ വലിപ്പത്തിലുള്ള ഫ്ളക്സുകളാണ് റോഡരികില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് സ്ഥാപിച്ചിട്ടുള്ളത്. ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഏറെ ഭീഷണിയാകുകയാണ് ഇത്തരം പരസ്യ ഫ്ളക്സ് ബോര്‍ഡുകള്‍. പലതും റോഡിലേക്ക് തള്ളിനില്ക്കുന്ന വിധമാണ് വെച്ചിട്ടുള്ളത്.
വൈദ്യുതി കാലുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുത് എന്ന നിയമത്തെ കാറ്റില്‍ പറത്തിയാണ് വൈദ്യുതി കാലുകളില്‍ ഫ്ളക്സുകള്‍ നിറഞ്ഞാടുന്നത്.തൊടുപുഴയില്‍ നിന്നും മുട്ടം വരെയുള്ള റോഡിന് ഇരു വശത്തുമാണ് കൂടുതലായും ഇത്തരം പരസ്യ ഫ്ളക്സുകള്‍ ഗതാഗതത്തിന് തടസമായി നില്‍ക്കുന്നത്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകള്‍ നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ്. ഏറെ അപകടം സൃഷ്ടിക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: