ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്: ഓട്ടോറിക്ഷ കത്തിച്ചു

Monday 26 September 2016 9:43 pm IST

തൃക്കരിപ്പൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് പോയ ബിജെപി പ്രവര്‍ത്തകന്റെ വീടിനും ഓട്ടോറിക്ഷയ്ക്കും നേരേയാണ് ശനിയാഴ്ച രാത്രി സിപിഎം ആക്രമം. പിലിക്കോട് ഗ്രാമപഞ്ചായത്ത് 21 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചന്തേര മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ വി.എം.രഞ്ജിത്തിന്റെ ഓട്ടോയാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ബിജെപി പിലിക്കോട് പഞ്ചായത്ത് കമ്മറ്റി ഏര്‍പ്പെടുത്തിയ വാഹനത്തില്‍ കോഴിക്കോടേയ്ക്ക് പോകുന്നതിന് വേണ്ടി പിലിക്കോട് ഗവ;യുപി സ്‌ക്കൂളിന് സമീപത്തെ ബിഎംഎസ് പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ കെ.ടി. മോഹനന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയാണ് അഗ്നിയ്ക്കിരയായത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ വൈദ്യൂതി വിഛേദിച്ചശേഷം ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം തീയിടുകയായിരുന്നു. ഈ സമയം വീട്ടില്‍ മോഹനന്റെ ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീയാളികത്തുന്നത് കണ്ട വീട്ടുകാര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തീയണയ്ക്കുകയായിരുന്നു. വീടിന് നേരെയെറിഞ്ഞ പൊട്ടാത്ത ബോംബ് നാട്ടുകാര്‍ ചന്തേര പോലീസിന് കൈമാറി. പാര്‍ട്ടി കേന്ദ്രമെന്ന് അവകാശപ്പെടുന്ന പിലിക്കോട് ഗ്രാമപഞ്ചായത്ത് ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ പ്രതിപക്ഷം ഇല്ലാത്ത പഞ്ചായത്തായിരുന്നു പിലിക്കോട്. ബിജെപി മത്സരിച്ചതിനെ തുടര്‍ന്ന് രഞ്ജിത്ത് മത്സരിച്ച വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. ഇതില്‍ വിളറിപൂണ്ട സിപിഎം നേതൃത്വമാണ് ആക്രമണത്തിന് പിന്നില്‍. ഇതിനു മുമ്പ് ഇവിടെ ആര്‍എസ്എസ് ശാഖ ആക്രമിക്കുകയും ജന്മഭൂമി ഏജന്റായിരുന്ന കെ.ടി.മോഹനന്റെ വീടിനോട് ചേര്‍ന്നുള്ള കടയ്ക്ക് കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പിലിക്കോട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ബിജെപി ജില്ലാ സെക്രട്ടറി വളാല്‍ കുഞ്ഞികണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. ഷിബിന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് എം.കെ.കുഞ്ഞികൃഷ്ണന്‍, എം.പി.നാരായണന്‍ കെ.ടി.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.