ദമ്പതികളെ കെട്ടിയിട്ട് കൊള്ള: രണ്ട് ഒഡീഷക്കാര്‍ അറസ്റ്റില്‍; ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

Monday 26 September 2016 9:52 pm IST

 

രാജ്കുമാര്‍ പത്ര

തൊടുപുഴ: ദമ്പതികളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒറീസ റായ്ഗഡ് സ്വദേശികളായ രാജ്കുമാര്‍ പത്ര (19), 17 വയസുള്ള മറ്റൊരാള്‍ എന്നിവരെയാണ് ഒലവക്കോട് നിന്ന് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ഒഡീഷക്ക് കടന്ന പ്രതികളെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പിടിച്ചത്. ഇവരില്‍ നിന്ന് എണ്ണായിരം രൂപയും തൊടുപുഴയിലെ വീട്ടില്‍ നിന്നു കവര്‍ന്ന ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. മുഖ്യ പ്രതികളായ ചിങ്കു, രമേശ് എന്നിവരെക്കൂടി പിടികൂടാനുണ്ട്. പ്രകാശ് വ്യാപാര ഗ്രൂപ്പ് ഉടമ അമ്പലം റോഡില്‍ കൃഷ്ണ വിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് 13ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ തടിപ്പണിയിലേര്‍പ്പെട്ടിരുന്നവരാണ് പിടിയിലായവര്‍. നേരത്തെ, കവര്‍ച്ച നടന്ന വീടിന് സമീപത്തെ ഹോളോബ്രികസ് യൂണിറ്റിലെ തൊഴിലാളികളായിരുന്നു. മാല മോഷണക്കേസില്‍ പുറത്താക്കിയ ശേഷമാണ് പെരുമ്പാവൂരിലെത്തിയത്. ബാലചന്ദ്രന്റെ വീട് നിരീക്ഷിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. പ്രകാശ് ഫ്യൂവല്‍സില്‍ നിന്നു ദിവസവും കളക്ഷന്‍ തുക വീട്ടില്‍ കൊണ്ടുവരുന്നത് ഇവര്‍ മനസിലാക്കി. ഈ തുക പ്രതീക്ഷിച്ചാണ് ആസൂത്രണം. ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപയും പത്ത് പവന്‍ സ്വര്‍ണം രണ്ടു മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കവര്‍ന്നു.

പ്രായപൂര്‍ത്തിയാകാത്ത ആളാണ് ബാലചന്ദ്രനെ കുത്തിയത്. ബാലചന്ദ്രന്റെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളുടെ കേന്ദ്രം കണ്ടെത്തിയത്.
ബാലചന്ദ്രനും ഭാര്യയും ഇവരെ പ്രതികളെ തിരിച്ചറിഞ്ഞു.

എസ്‌ഐക്ക് പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍. ഷാനവാസ്, എ.എച്ച്. ഉബൈസ്, ഡിവൈഎസ്പി എന്‍.എന്‍. പ്രസാദിന്റെ കീഴിലുളള ഷാഡോ സ്‌ക്വാഡിലെ എസ്‌ഐ ടി.ആര്‍. രാജന്‍, എഎസ്‌ഐ അശോകന്‍, എസ്.സി.പി.ഒമാര്‍ ഉണ്ണികൃഷ്ണന്‍, അരുണ്‍, സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.