ജിഷ കൊല്ലപ്പെടുന്നതിന് തലേന്ന് വീട് ആക്രമിച്ചു

Monday 26 September 2016 10:18 pm IST

കൊച്ചി: ജിഷ കൊല്ലപ്പെടുന്നതിന് തലേന്ന് രാത്രി വീട് ആക്രമിക്കപ്പെട്ടതായി അമ്മ രാജശ്വരിയുടെ മൊഴി. അന്നു രാവിലെ വീടിന്റെ പിന്നില്‍ നിന്ന് ഒരു കെട്ട് ബീഡിയും ലൈറ്ററും കിട്ടി. 27ന് രാത്രി 10 മണിയോടെ വീടിന് മുകളിലേക്ക് കല്ലെറിഞ്ഞു. പുറത്ത് ഇറങ്ങിനോക്കിയിട്ട് ആരെയും കണ്ടില്ല. തുടര്‍ന്ന് ടോര്‍ച്ച് വാങ്ങുന്ന കാര്യം ജിഷയുമായി സംസാരിച്ചു. കൊല നടന്ന അന്ന് രാവിലെ 10 മണിയോടെയാണ് രാജേശ്വരി പുറത്ത് പോയത്. വൈകിട്ട് 6.30ന് മൂന്ന് പ്രാവശ്യം ജിഷയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. രാത്രി എട്ടരയോടെയാണ് തിരികെയെത്തിയത്. വീട്ടില്‍ വെട്ടം ഉണ്ടായിരുന്നില്ല. മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. നിലവിളിച്ചു. അതുകേട്ട് എത്തിച്ചേര്‍ന്നവരുടെ സംസാരത്തില്‍ നിന്ന് മകള്‍ക്ക് എന്തോ ആപത്ത് പറ്റിയതായി തോന്നി. ആശുപത്രിയില്‍ വച്ച് പോലീസ് പറയുമ്പോഴാണ് മകള്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്, രാജേശ്വരിയുടെ മൊഴിയില്‍ പറയുന്നു. കുറ്റപത്രത്തിന്മേല്‍ പ്രാഥമിക വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച ആരംഭിക്കും. ഇന്നലെ ദ്വിഭാഷിയുടെ പാനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. മൂന്ന് പേരടങ്ങുന്ന പാനലാണ് നല്‍കിയത്. ഇതില്‍ ഒരാളെ കോടതി തീരുമാനിക്കും. കേസിന്റെ അവസാനം വരെ ദ്വിഭാഷിയുടെ സഹായം വേണ്ടിവരും. കേസില്‍ 15 ഇതരസംസ്ഥാനക്കാരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. കനത്ത പോലീസ് കാവലില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.