ബൈപ്പാസിന്റെ സര്‍വ്വേക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Monday 26 September 2016 11:06 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് ബൈപ്പാസിന്റെ സര്‍വ്വേക്കായി എത്തിയ ഉദ്യോഗസ്ഥരെ നാലാമതും കീഴാറ്റൂരില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ദേശീയപാത ലൈസന്‍ ഓഫീസര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. നേരത്തെ 3 തവണ ഇവരെ കീഴാറ്റൂരില്‍ തടഞ്ഞിരുന്നു. പുതിയ പ്ലാന്‍ പ്രകാരം കീഴാറ്റൂരിലെയും കൂവോടെയും നെല്‍വയലുകളിലൂടെയാണ് നിര്‍ദ്ദിഷ്ട തളിപ്പറമ്പ് ബൈപ്പാസ് കടന്നുപോവുന്നത്. ഈ ബൈപ്പാസ് നിലവില്‍ വന്നാല്‍ 68 ഏക്കറയോളം നെല്‍വയലുകള്‍ നികത്തപ്പെടും. ഇവരുടെ ആദ്യ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ കളക്ടര്‍ മിര്‍മുഹമ്മദലിയും ഇടപെട്ടു ചര്‍ച്ച നടത്തിയിരുന്നു. നെല്‍വയലുകള്‍ ഒഴിവാക്കി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കാമെന്ന ഉറപ്പ് കളക്ടര്‍ അന്ന് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നാലാം തവണ സര്‍വേക്ക് ഉേദ്യാഗസ്ഥരെ നാട്ടുകാര്‍ അനുവദിച്ചത്. എന്നാല്‍ സര്‍വ്വെക്കെത്തിയവരോട് വിശദവിവരം നാട്ടുകാര്‍ ആരാഞ്ഞപ്പോള്‍ ബൈപ്പാസ് കടന്നുപോവുന്ന സ്ഥലം സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ സര്‍വ്വേ വീണ്ടും തടയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12.30 വരെ സമരക്കാരെ പൊലീസ് 3 ഘട്ടങ്ങളിലായി അറസ്റ്റു ചെയ്തു നീക്കി. തളിപ്പറമ്പ് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.