ഒരു സ്നാപ്പില്‍ ഒതുങ്ങില്ല ടൂറിസം

Sunday 9 April 2017 2:21 pm IST

വിനോദ യാത്ര എന്ന വാക്കിനെ പാടെ തകര്‍ത്തു പൊളിച്ചെഴുതുന്നതാണ് ഇന്ന് അതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.വെറുതെ ഒരു യാത്രയെന്നോ സഞ്ചാരമെന്നോ പറഞ്ഞ് ടൂറിനെ കടത്തു കഴിക്കാനൊക്കില്ല.ജീവിതത്തിനൊപ്പം നില്‍ക്കുന്ന ഒരു ജൈവ സത്യമാണിന്നത്. യാത്രയ്ക്ക് പണ്ടത്തെക്കാളും വിവിധ മാനങ്ങളുണ്ട്.ജോലിക്കായി പുറത്തു പോകുന്നതോ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ വീടും സ്ഥലവും വിട്ടൊക്കെ ദൂരെപോകുന്നതായിരുന്നു പഴയ യാത്രകള്‍. അതൊരനുഭവമായിരുന്നോ എന്നുപോലും സംശയമുണ്ട്.കടന്നുപോകുന്നതിനിടയില്‍ കണ്ടേക്കാവുന്ന കാഴ്ചയിലപ്പുറം അതൊന്നും അടയാളപ്പെട്ടിരുന്നില്ല.പിന്നീട് യാത്രതീര്‍ഥയാത്രയുടെ പേരില്‍ അറിയപ്പെട്ടു.തീര്‍ഥയാത്ര പണ്ടും ഉണ്ടായിരുന്നെങ്കിലും പുണ്യസ്ഥലങ്ങളില്‍ ഒറ്റയ്ക്കും കുടുംബമായും സമൂഹമായും ദിവസങ്ങളോളം യാത്ര ചെയ്യുന്നതു പിന്നീടു ശീലമായി. ഇന്നു പക്ഷേ നാം തിന്നുകയും കുടിക്കുകയും ചെയ്യുംപോലുളള പ്രാധാന്യം യാത്രയ്ക്കും നല്‍കുന്നുണ്ട്.മുന്‍പ് കാശുള്ളവന്റെ ഒരു സങ്കല്‍പമോ സാധ്യതയോ ആയിരുന്നു യാത്ര.ആ ധാരണയൊക്കെപോയി.ഇന്നു ആര്‍ക്കും യാത്രയാകാം. അതൊരു പൊതു വികാരത്തിന്റെയോ പൊതുവനുഭവത്തിന്റെയോ ഭാഗമാണ്.യാത്രയിലാണ്, ഒരുയാത്രപോണംഅല്ലെങ്കില്‍ ടൂറിലാണ് എന്നൊക്കെ പറയുന്നതു തന്നെ നിത്യ ഭാഷയായിത്തീര്‍ന്നിരിക്കുന്നു.നാലഞ്ചു ദിവസം അവധി കിട്ടിയാല്‍ ഒരു കൂട്ട യാത്ര എന്ന സങ്കല്‍പം തന്നെയായിട്ടുണ്ട്.ഓണം,ക്രിസ്തുമസ്, വേനലവധിക്കാലങ്ങള്‍ ഇന്നു വന്‍ യാത്രാസീസനാണ്. ഇക്കാലത്ത് കുടുംബമായി വിദേശത്തേക്കു തന്നെ യാത്ര ചെയ്യുന്നവരുടെ എണ്ണം നിത്യേന കൂടുകയാണ്. 1980ല്‍ യുഎന്‍ ലോക ടൂറിസം ദിനം തുടങ്ങുന്നത് വിവിധ ലക്ഷ്യങ്ങളോടെയാണ്.ആഗോള ടൂറിസത്തെക്കുറിച്ച് പൊതുജനത്തിന് ബോധവര്‍ക്കരണവും ഓരോരുത്തരും അവരവരുടെ രാജ്യങ്ങള്‍ ടൂറിസത്തിലൂടെ സാമ്പത്തികവും സാംസ്‌ക്കാരികവും ചരിത്രപരവുമായി മുന്നേറാന്‍ തങ്ങളുടേതായ ഉത്തരവാദിത്തം ഏറ്റെടുക്കാനും സന്നദ്ധരാകുക എന്നതുകൂടിയാണ് ഈ ദിവസം കൊണ്ട് യുഎന്‍ ഉദ്ദേശിക്കുന്നത്.ഇന്നു ലോകം തന്നെ ടൂറിസത്തിന്റെ വലിയൊരു നെറ്റായിത്തീര്‍ന്നിരിക്കുന്നു.ഓരോ രാജ്യവും ഇന്നു കൂടുതല്‍ സൗഹൃദം പങ്കിടുന്നതിന്റെ വഴിതന്നെയാണ് യാത്രയും.പരസ്പരംഅറിയലും അനുഭവം പങ്കുവെക്കലും പഠിക്കലും പഠിപ്പിക്കലും സാംസ്‌ക്കാരിക വിനിമയവും ടൂറിസം സ്വാഭാവികമായും ഉള്‍ക്കൊള്ളുന്നു. ടൂറിസത്തെ എങ്ങനെ ആരോഗ്യകരമായി പ്രയോജനപ്പെടുത്താമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.ചില രാജ്യങ്ങള്‍ തന്നെ ജീവിച്ചു പോകുന്നതു ടൂറിസത്തിലൂടെയാണ്.എല്ലാ രാജ്യങ്ങളും ഇതിന്റെ പേരിലിന്നു വിദേശ നാണ്യം നേടുന്നു.വീട്ടറിവുപോലെ നാട്ടറിവും ഉണ്ടാക്കുന്നുണ്ട് ടൂറിസം.ഈ മേഖലയില്‍ ഭാരതം വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും അതുവഴി ലോക സൗഹൃദവും പുതിയ പാതയിലാണ്. ഇതെല്ലാം ആരോഗ്യകരമായി ടൂറിസം രംഗത്തും പ്രതിഫലിക്കുന്നണ്ട്.കടല്‍,കര,പ്രകൃതി ദൃശ്യങ്ങള്‍,പൈതൃ തനതു കാഴ്ചാനുഭവങ്ങള്‍ എന്നിങ്ങനെ സാമ്പത്തീക നേട്ടമുണ്ടാക്കാവുന്ന അനന്തസാധ്യതകളുളള അനേകം തട്ടകങ്ങളുടെ പെരും നിലമാണ് ടൂറിസം ഒരുക്കുന്നത്.പക്ഷേ അതു തനതും നിലനില്‍പും നശിപ്പിക്കരുതെന്നുമാത്രം. ഇന്നു യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.എന്നാലും കേരളീയന്‍ കേരളം മുഴുവനോ ഭാരതീയന്‍ ഭാരതം മുഴുവനോ കണ്ടിട്ടുണ്ടാവില്ല. സ്വന്തം ചുറ്റു വട്ടത്തിലെ കാഴ്ചാനുഭവങ്ങള്‍ പോലും എത്രപേര്‍ക്കു സ്വന്തമാണ്.ഒരു സ്‌നാപ്പില്‍ ഒരുങ്ങുന്നതായിരുന്നു പണ്ട് കാഴ്ചകള്‍.ഇന്നത് മൊബൈലിലെ വീഡിയോ ചലനം വരെയാകാം.പക്ഷേ ഓരോ ഇടവും ഓരോ കാഴ്ചയും ഓരോ ജീവിത കാഴ്ചപ്പാടുകളുടേതും കൂടിയാണെന്നും അതു നമ്മെ മാറ്റിത്തീര്‍ക്കാമെന്നും നമ്മള്‍ അറിയണം. ഈ രംഗത്തെ സാമ്പത്തിക സ്രോതസ് ചിലര്‍ക്കുമാത്രം നന്നാവാനുള്ള സുരക്ഷിത മേഖലയായിത്തീരുന്നുണ്ടോ എന്നുള്ള ആശങ്കയുമുണ്ട്.കൊട്ടുകൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ ചെണ്ടക്കാരനും എന്നുള്ള നാട്ടു പ്രയോഗംപോലെ ഈ രംഗത്തു തദ്ദേശിയര്‍ കെട്ടുകാഴ്ചക്കാരായിപ്പോകുന്നുണ്ടോ.കഥകളി ചിലര്‍ക്കു വിദേശപ്പണം കിട്ടാനുള്ളതെന്നു പറയുംപോലെ തന്നെയാണോയിതും. അങ്ങനെ ആകാതിരിക്കുമ്പോള്‍ മാത്രമേ ടൂറിസം ജൈവാവസ്ഥയെ പ്രാപിക്കൂ. ലോകം വളര്‍ന്നതും സംസ്‌ക്കാരങ്ങള്‍ പിറന്നതു യാത്രയിലൂടെയാണ്.കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും പുറപ്പാടിന്റെയുമൊക്കെ ആരോഗ്യകരമാര്‍ന്ന ഉപോല്‍പ്പന്നമാണിത്. കടലും കരയും താണ്ടിയും കൃഷി ചെയ്തും കണ്ടും കണ്ടുപിടിച്ചുമൊക്കെ അതു ഇനിയും മുന്നേറും.ടൂറിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലര്‍ക്കും പല രീതിയിലാണഎത്രദൂരമായാലും ചിലര്‍ക്കു യാത്ര നടപ്പാണ്.അതൊരു ധ്യാനം പോലെയാണ് അവര്‍ക്ക്.നടപ്പ് ധ്യാനമായി അനുഭവിച്ചവരാണല്ലോ ബുദ്ധനും ഗാന്ധിയും. ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍ സോംങിന് യാത്ര നടപ്പായിരുന്നു. ഒരുതരം ആത്മീയത.അദ്ദേഹത്തിന്റെ ഓഫ് വാക്കിംങ് ഇന്‍ ഐസ് എന്ന കാവ്യാത്മകമായെഴുതിയ ഡയറിയില്‍ ഇതു പറയുന്നുണ്ട്.ഒരു ജാക്കറ്റും ഒരു ജോഡി ബൂട്ടും വയറുപൊരിയാതിരിക്കാനുള്ള ഇത്തിരി ഭക്ഷണവുമായാണ് മരവിക്കുന്ന തണുപ്പിലൂടെ അദ്ദേഹം ദിവസങ്ങള്‍കൊണ്ട് അനേകം മൈലുകള്‍ താണ്ടി മ്യൂണിക്കില്‍ നിന്നും ഫ്രാന്‍സിലെത്തിയത്.പ്രശസ്ത ഫ്രഞ്ചു സിനിമാ നിരൂപകയായ ലോട്ടോ എയ്‌സ്‌നറെ കാണാന്‍ പോയത്.മരിക്കാന്‍ കിടക്കുന്ന അവര്‍ പക്ഷേ താന്‍ ചെന്നെത്തുംവരെ മരിക്കില്ലെന്ന് ഹെര്‍സോംങ് വിശ്വസിച്ചിരുന്നു.ആ വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു.ഇരുവരും തമ്മില്‍ കണ്ടു ,സംസാരിച്ചു.അതെ,ടൂറിസം ആത്മ വിശ്വാസത്തിന്റെ അപാര സാധ്യത കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.