സൗമ്യ: കൊലയ്ക്കുശേഷം കൂട്ടക്കൊല

Tuesday 27 September 2016 9:57 am IST

കൊച്ചി: സൗമ്യ വധക്കേസില്‍, പിച്ചക്കാരന്‍ ഗോവിന്ദച്ചാമിക്കെതിരേ (ഗോവിന്ദസ്വാമി എന്നാണ്, രേഖകള്‍) കൊലക്കുറ്റം തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കേരള സര്‍ക്കാര്‍, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് എന്നു സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണം. ആകാശകുസുമം കൈയെത്തിപ്പറിക്കുന്നതിനെക്കാള്‍ വലിയ വെല്ലുവിളിയായിരിക്കും, ഇത്. അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിനെപ്പോലുള്ളവരല്ല, സുപ്രീംകോടതിയില്‍ വിധിച്ചത്. രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി. പന്ത്, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. ഇതില്‍, ഉദയ് ഉമേഷ്, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാഗാന്ധി സ്ഥിരപ്പെടുത്താന്‍ വിസമ്മതിച്ചപ്പോള്‍ രാജിവച്ച ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജി, യു.ആര്‍. ലളിതിന്റെ മകനാണ്. ക്രിമിനല്‍ നിയമത്തില്‍ അവഗാഹമുള്ളയാളാണ്, യു.യു. ലൡത്. ഇവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ തെറ്റുപറ്റി എന്നാണ്, പിണറായി വിജയന്‍ തെളിയിക്കേണ്ടത്. സംഭവങ്ങള്‍ അസാമാന്യമായി വിശകലനം ചെയ്തതാണ് സുപ്രീംകോടതി വിധിയെന്ന്, അതു മനസിരുത്തി വായിച്ചാല്‍ ബോധ്യപ്പെടും. ടി.ആര്‍. രാമചന്ദ്രന്‍നായര്‍, ബി. കെമാല്‍പാഷ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു കണ്ടാണ്, ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. അതില്‍, ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 376 അനുസരിച്ചു നല്‍കിയ ജീവപര്യന്തവും 394, 397 (സി.ആര്‍.പി.സി 447 ന് ഒപ്പം) എന്നിവ അനുസരിച്ചു നല്‍കിയ ഏഴു വര്‍ഷം മൂന്നു മാസം തടവും സുപ്രീംകോടതി ശരിവച്ചു. ഏഴു വര്‍ഷം തടവിനു കാരണം, സൗമ്യയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണ്. അത് ഗോവിന്ദച്ചാമി, മാണിക്യനും മാണിക്യന്‍ ബേബി വര്‍ഗീസിനും വിറ്റു. ഇത്രയും വിവരിച്ചശേഷമാണ്, വിധി, ഗോവിന്ദച്ചാമി കൊലചെയ്തിട്ടുണ്ടോ എന്ന വിഷയത്തിലേക്കു കടക്കുന്നത്. രണ്ടു മുറിവുകള്‍ സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നു. ഇതെങ്ങനെയുണ്ടായി എന്നു പറയുന്നത് നാല്, 40, 64 നമ്പര്‍ സാക്ഷികളാണ്. രണ്ടാം മുറിവുണ്ടായത്, ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ട് ഉണ്ടായതാണ് എന്നതിനു തെളിവില്ല. തള്ളിയിട്ടതിനും തെളിവില്ല. ഇനി, വിധിയിലെ വിശകലനം: However, to hold that the accused is liable under section 302 IPC what is required is an intention to cause death or knowledge that the act of the accused is likely to cause death. The intention of the accused in keeping the deceased in a supine position, according to PW 64, was for the purpose of sexual assult. The requisite knowledge that in the circumstances such an act may cause death, also, cannot be attributed to the accused, in asmuch as, the evidence of PW 64 itself is to the effect that such knowledge and information is infact, parted with in the cousrse of training of medical and para-medical staff. The fact that the deceased survived for a couple of days after the incident and eventually died in hospital would also clearly militate against any intention of the accused to cause death by the act of keeping the deceased in a supine position. ഇതു മലയാളത്തില്‍ ഇങ്ങനെ ചുരുക്കാം: 302-ാം വകുപ്പനുസരിച്ച് പ്രതി വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്തു എന്നു തെളിയിക്കാന്‍, കൊല്ലണം എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നോ, പ്രതിയുടെ കൃത്യം കൊലയ്ക്കു കാരണമാകുമെന്നോ തെളിയണം. പ്രതി, ഇരയെ മലര്‍ത്തിക്കിടത്തിയത്, ശ്വാസകോശങ്ങളിലേക്ക് രക്തം ഇരച്ചുകയറ്റി കൊല്ലാനാണെന്നു വിശ്വസിക്കാനാവില്ല. അത് ലൈംഗികനിവൃത്തിക്കായിരുന്നുവെന്ന് 64-ാം സാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. മുറിവേറ്റയാളെ മലര്‍ത്തിക്കിടത്തിയാല്‍ അങ്ങനെ രക്തം ഇരച്ചുകയറുമെന്നറിയാനുള്ള വിവരം ഗോവിന്ദച്ചാമിക്കില്ല. 64-ാം സാക്ഷി വ്യക്തമാക്കിയത്, ഈ വിവരം, മെഡിക്കല്‍/പാരാമെഡിക്കല്‍ പരിശീലന സമയത്തു നല്‍കും എന്നാണ്. സംഭവത്തിനു ശേഷം, സൗമ്യ രണ്ടുനാള്‍ കൂടി കഴിഞ്ഞ് ആശുപത്രിയിലാണ് മരിച്ചതെന്ന സത്യവും ഗോവിന്ദച്ചാമിക്ക്, കൊല്ലാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു എന്നു തെളിയിക്കുന്നു. ഇത്ര ഗഹനമാണ്, വിശകലനം. പിണറായി വിജയന്‍, ഏറാന്‍മൂളികളെ കേസ് ഏല്‍പ്പിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു; പെരുമാറ്റത്തില്‍ മാന്യനാണ്, സുധാകരപ്രസാദ്; എന്നാല്‍, സര്‍വീസ് നിയമം അല്ലാതെ, ഒന്നും അറിയില്ല. അങ്ങനെയാണ്, ഗോവിന്ദച്ചാമി നടത്തിയ കൊലയ്ക്കുശേഷം, നീതിയുടെ കൂട്ടക്കൊലയുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.