പ്രപഞ്ചത്തിന്റെ കളിമണ്ണ്

Tuesday 27 September 2016 9:52 am IST

അധ്യായം 8, ബ്രഹ്മന്‍ നി, ആത്മാവിന്റെ ഉറവിടത്തിലേക്ക് പോകാം. പ്രാചീന ഭാരതീയ ചിന്തകര്‍, പ്രപഞ്ചത്തിന് കാരണമായ ആദ്യ പ്രഭാവത്തെ ബ്രഹ്മന്‍ എന്ന് വിളിച്ചു. (ത്രിമൂര്‍ത്തികളില്‍പ്പെട്ട ബ്രഹ്മാവ് വേറെയാണ്; അദ്ദേഹം കൃത്യമായ, നാലുതലകളും നാല് കൈകളുമുള്ള, വിഷ്ണുവിനും സരസ്വതിക്കും ജനിച്ച വ്യക്തിവൈഭവമാണ്; എന്നാല്‍, മൗലിക പ്രഭാവമായ ബ്രഹ്മന്‍ അമൂര്‍ത്തമായ പ്രാപഞ്ചിക അസ്തിത്വമത്രെ). ബ്രിഹ് എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം, വികസിക്കുക അല്ലെങ്കില്‍ വളരുക എന്നാണ്. ബ്രഹ്മന്‍ എന്ന വാക്കിനര്‍ത്ഥം, പ്രപഞ്ചത്തെ വളര്‍ത്തിയുണ്ടാക്കിയ/വികസിപ്പിച്ചുണ്ടാക്കിയ പ്രഭാവം എന്നാണ്. അത് സര്‍വവ്യാപിയാണ്; അത്, അതിരുകളില്ലാത്ത സ്ഥലികളില്‍ മുഴുവനുണ്ട്. അത് അനന്തമായ അസ്തിത്വമാകുന്നു. ബ്രഹ്മന്റെ ഒരു ഭാഗത്തിന്റെ രൂപാന്തരമാണ് ബ്രഹ്മന്‍ എന്ന് ഛാന്ദോഗ്യ ഉപനിഷത് (3:12:6) പറയുന്നു. ആദ്യം ബ്രഹ്മന്‍, പ്രപഞ്ചമാകെ വ്യാപിച്ചിരുന്നുവെന്നും, പിന്നീട് പ്രപഞ്ചം ബ്രഹ്മന്റെ ഒരു ഭാഗത്തില്‍ നിന്നുണ്ടായെന്നും അര്‍ത്ഥം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ബ്രഹ്മന്‍ പ്രപഞ്ചത്തിന്റെ 'കാര്യവും കാരണവും കളിമണ്ണും കുശവനും' ആണ് എന്നാണ്. ഒരു സംഗതിയുടെ സ്വഭാവവും പെരുമാറ്റവും അറിയാനാഗ്രഹിക്കുന്നവര്‍ അവരുടെ ഗവേഷണം തുടങ്ങുക അതിന്റെ ഉറവിടത്തിലായിരിക്കും. ആത്മാവിന്റെ സ്വഭാവമറിയാനാഗ്രഹിച്ച പ്രാചീന ചിന്തകര്‍, അതിന്റെ ഉറവിടം അന്വേഷിച്ചു; ആ അന്വേഷണം, പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സൃഷ്ടിരഹസ്യം കണ്ടെത്തുന്നതില്‍ അവസാനിച്ചു. സൃഷ്ടിരഹസ്യം കണ്ടെത്തിപ്പോകുമ്പോള്‍, 'എ', 'ബി' യില്‍ നിന്നുണ്ടായതാണെന്നും 'ബി', 'സി'യില്‍ നിന്നുണ്ടായതാണെന്നും 'സി' 'ഡി'യില്‍നിന്നുണ്ടായതാണെന്നുമൊക്കെ തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, ഉറവിടമില്ലാത്ത ഒരു സംഗതിയില്‍ അന്വേഷണം ചെന്നുമുട്ടും. അത്, ആരംഭം മുതല്‍ സ്വയം ഉണ്ടായിരുന്നു; അത് ബുദ്ധിക്ക് അതീതമാണ്. ആ പ്രഥമ സംഗതിയാണ്, പ്രപഞ്ചത്തിലെ എല്ലാ സംഗതികളുടെയും ആരംഭം; പ്രപഞ്ചത്തിന്റെതന്നെ ആരംഭം. ആരംഭത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നിരീശ്വരര്‍ വാദിച്ചേക്കാം. ഛാന്ദോഗ്യ ഉപനിഷത് (6:2:2) ഈ തോന്നലിനെ നിരാകരിക്കുന്നു. ഒരു സംഗതിക്ക് ശൂന്യതയില്‍ നിന്നുണ്ടാകാനാവില്ല എന്നതിനാല്‍, പ്രപഞ്ചത്തിന് കാരണമായ ഒന്നുണ്ട്. അത് മാത്രമായിരിക്കണം ആദ്യമുണ്ടായിരുന്നത്; അത് എല്ലായിടത്തും നിറഞ്ഞിരിക്കണം. ഭാരതീയ തത്വചിന്ത അതിനെ ബ്രഹ്മന്‍ എന്നുവിളിക്കുന്നു. പ്രപഞ്ചം ഉറവെടുത്ത ആദിമ സംഗതി ഒരനന്തസംഗതിയാണെന്ന് മഹാനായ പ്രാചീന ഗ്രീക്ക് ചിന്തകന്‍ അനക്‌സിമാണ്ടര്‍ (611-567 ബിസി) സമര്‍ത്ഥിച്ചു. പദാര്‍ത്ഥരൂപമില്ലാതെ അത്, സ്ഥലകാലങ്ങളില്‍, അതിരുകളില്ലാതെ നിലകൊണ്ടു (In Search of Soul, വാല്യം 1 പേജ്, 26). 'പദാര്‍ത്ഥരൂപമില്ലാത്ത' എന്ന വിശേഷംകൊണ്ടു സിദ്ധിക്കുന്നത്, അത് പദാര്‍ത്ഥരഹിത ഏകകമായിരുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (6:12:1), ഒരു കൊച്ചുവിത്തിലെ സൂക്ഷ്മ ബീജത്തില്‍നിന്ന് വലിയൊരു ആല്‍മരം വളര്‍ന്ന് വികസിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാധാരണ നമുക്ക് ഒരു ചെടിയുടെ ബീജം വിത്തില്‍ കാണാമെങ്കിലും (ബീന്‍സ് ഉദാഹരണം), അത് നമുക്ക് ആലിന്റെ വിത്തില്‍ കാണാനാവില്ല. ആലിന്റെ വിത്തുകളും മുളയ്ക്കുകയും തൈകളാവുകയും ചെയ്യുന്നതിനാല്‍, ആ വിത്തുകളിലും, ആല്‍മരത്തിന്റെ ബീജങ്ങളുണ്ടായിരിക്കും; പക്ഷേ, അത് സൂക്ഷ്മമായതിനാല്‍ അദൃശ്യമാണ്. ആ ബീജം വികസിച്ച് തൈയായി മുളപൊട്ടുമ്പോള്‍, നാം മുകളില്‍ ഒരു കൂമ്പു കാണുന്നു. ഈ തൈയും കൂമ്പും ബീജമെന്ന നിലയില്‍, വിത്തിലുണ്ടായിരുന്നിരിക്കണം. ആ കൂമ്പു തുറന്നാല്‍ നമുക്ക്, ചെടിത്തണ്ടിന്റെ ലോലമായ തുടര്‍ച്ച, നേര്‍ത്ത ഇലകളും അതിന് മുകളില്‍ നേര്‍ത്ത മറ്റൊരു കൂമ്പുമായി, കാണാം. ഈ ആന്തരിക കൂമ്പു തുറന്നാല്‍ പിന്നെയും തണ്ടും ഇലകളും കൂമ്പുകളും നേര്‍ത്ത് നേര്‍ത്ത് വരുന്നതായും അവസാനം അതിസൂക്ഷ്മമാകുന്നതായും കാണാം. ഇതെല്ലാം വിത്തിലെ ബീജത്തിലുണ്ടായിരുന്നു. കാലക്രമേണ, ആലിന്റെ കൂമ്പ്, പക്ഷെ വികസിക്കുകയും അതിന്റെ ഉള്ളടക്കം വെളിവാക്കി അവസാനം, അസംഖ്യം ശാഖകളും തണ്ടുകളും ഇലകളും പഴങ്ങളുമൊക്കെയുള്ള വന്‍വൃക്ഷമായിത്തീരുകയും ചെയ്യുമെന്ന് നമുക്കറിയാം. അതിനൊരു കൃത്യമായ സംവിധാനമുണ്ടാകും. ഇത് വെളിവാക്കുന്നത്, ആ വന്‍വൃക്ഷം, ആലിന്റെ വിത്തില്‍, സൂക്ഷ്മരൂപത്തില്‍ അദൃശ്യമായി നിലകൊണ്ടിരുന്നുവെന്നും കാലക്രമത്തില്‍ അത് സാവധാനം, കൃത്യമായി, വികസിച്ചു എന്നുമാണ്. ആ സൂക്ഷ്മരൂപത്തിലുള്ള കൃത്യമായ സംവിധാനവും അതിന്റെ വികാസവും കാണിക്കുന്നത്, ആ രൂപാന്തരവും വികാസവും ഒരു മഹാബോധ ഏകകം അതിനെ നയിക്കുന്നു എന്നാണ്. ഈ പ്രക്രിയ ലോകത്തെല്ലായിടത്തും ഒരുപോലെ സംഭവിക്കുന്നതിനാല്‍, ആ ബോധ ഏകകം എല്ലായിടത്തുമുണ്ടായിരിക്കും. സൂക്ഷ്മ ബീജ (zygote)ങ്ങളില്‍നിന്ന് മനുഷ്യനും മൃഗവും കരയും ആകാശവും സാഗരവും വികസിച്ചതിന്റെ കഥയും ഇതേ അനുമാനത്തില്‍ എത്തിച്ചു (27-ാം അധ്യായം കാണുക). മായിക സൃഷ്ടികള്‍ക്ക് കാരണമായ ആ മഹാബോധ പ്രപഞ്ച ഏകകമാണ് ബ്രഹ്മന്‍. പ്രപഞ്ചത്തില്‍ എല്ലായിടത്തും, അതിനപ്പുറം അതിരുകളില്ലാത്ത ആകാശത്തും നില്‍ക്കുന്ന ഏകകം, അനന്തവും അമൂര്‍ത്തവുമാകാതെ വയ്യ. അത്തരം അസ്തിത്വമാണ് ബ്രഹ്മന്‍. ജീവബോധത്തിന്റെ പ്രത്യക്ഷമാണ് ബ്രഹ്മന്‍ എന്ന് നാം അടുത്ത അധ്യായത്തില്‍ കാണും. ലളിതമായി പറഞ്ഞാല്‍, ജീവശക്തിയുടെ പ്രാപഞ്ചിക അസ്തിത്വമാണ് അത്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്; അത് സൂക്ഷ്മമായി നിലകൊണ്ടു. ബൃഹദാരണ്യക ഉപനിഷത് (1:4:11) പറയുന്നു: തുടക്കത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു; അതുമാത്രം; അതുമാത്രം നിലനിന്നു. അത് കര്‍മം ചെയ്തില്ല (ബ്രഹ്മാവാ ഇദമഗ്ര ആസീത്, ഏകമേവ, തദേകം സത്, ന വ്യഭാവാത്) ശുകരഹസ്യ ഉപനിഷത്, ഐതരേയോപനിഷത്, തുടങ്ങിയവ, ബ്രഹ്മനെ, ബോധമായാണ് കാണുന്നത് (പ്രജ്ഞാനം ബ്രഹ്മ). ബ്രഹ്മന്റെ സവിശേഷത, അതിനൊരു കേന്ദ്രമില്ല എന്നതാണ്. എന്നിട്ടും, ഒരുപോലെ എല്ലായിടത്തും നിലനില്‍ക്കുന്നുതാനും. (ഭഗവദ്ഗീത 13:28-31). ഒരു വറുത്ത വിത്ത്, ഒരു ചെടിയെ മുളപ്പിക്കുന്നില്ല. അതിലെ ജീവന്‍ നഷ്ടപ്പെട്ടതിനാലാണ് അത്. വിത്തില്‍നിന്ന് ചെടിയെ വികസിപ്പിക്കുന്ന ഏകകം, അതിലെ ജീവനാണ് എന്നര്‍ത്ഥം. സൈഗോട്ടുകളില്‍നിന്ന് മനുഷ്യനും മൃഗവും വികസിക്കുന്നതിനും ഇത് ബാധകമാണ്. ആ ജീവനാണ് ആത്മാവ്. അതാണ് ജീവചൈതന്യം. അത് പ്രപഞ്ചബോധത്തിന്റെ ഒരു സൂക്ഷ്മകണിക മാത്രമാണ്. അത് സ്വതന്ത്രകണികയായത്, അതിന് ചുറ്റും ഒരാവരണം വന്നപ്പോഴാണ് (പത്താം അധ്യായം കാണുക). എല്ലാ ആത്മാക്കളും ബ്രഹ്മന്റെ കണികകളാണെന്ന് ഭഗവദ്ഗീത (15:7) ലളിതമായി പറയുന്നു. അത് തിരിച്ചിട്ടാല്‍, എല്ലാ ജീവജാലങ്ങളിലും അതിനപ്പുറവുമുള്ള സംഗതികളിലെ ആത്മാക്കളുടെ ആകെത്തുകയാണ് ബ്രഹ്മന്‍ എന്നര്‍ത്ഥം കിട്ടും. അത്, പ്രപഞ്ചത്തിലും അതിനപ്പുറത്തെ അതിരുകളില്ലാത്ത ആകാശത്തിലും നിലനില്‍ക്കുന്ന ജീവശക്തിയുടെ സമഗ്രതയാണ്. അത് അനന്തമായ അസ്തിത്വമാണ്. ഈശ്വരന്‍, പ്രപഞ്ചത്തിന്റെ വിധാതാവ് എന്ന നിലയില്‍, അതിന്റെ പ്രത്യക്ഷമാണ്. ജീവജാലങ്ങളിലെ ജീവന്‍ എന്ന നിലയില്‍, ആത്മാക്കള്‍ അതിന്റെ സൂക്ഷ്മ പ്രത്യക്ഷങ്ങളാണ്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ നിലനിന്നത്, പ്രത്യക്ഷങ്ങള്‍ ഇല്ലാതെയാണ്. 'അസ്തിത്വമുണ്ടെന്നോ അസ്തിത്വമില്ലെന്നോ' പറയാനാവാത്ത അവസ്ഥയായിരുന്നു ബ്രഹ്മന്റെ പ്രാരംഭനിലയെന്ന്, ഋഗ്വേദ (10:129:1)വും ഭഗവദ്ഗീത(13:13)യും വിവരിക്കുന്നു. പ്രാരംഭത്തില്‍, അസ്തിത്വം വെളിവാക്കാതെ, അസ്തിത്വമില്ല എന്നു പറയാവുന്ന നിലയായിരുന്നു ബ്രഹ്മന്റേത് എന്നര്‍ത്ഥം. ഇല്ല എന്നുപറയാവുന്ന അവസ്ഥയിലും അനാവരണം ചെയ്യാതെ അതുണ്ടായിരുന്നു. അന്ന് അതുണ്ടായിരുന്നു; പക്ഷേ, പ്രത്യക്ഷങ്ങളില്ലായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അത് ജീവചൈതന്യമായിരുന്നതിനാല്‍, കര്‍മനിരതമാകാനുള്ള ശീലം അതിനുണ്ടായിരുന്നു. അതിനാല്‍ ഒരു കാലത്ത്, ബ്രഹ്മനില്‍ കര്‍മത്തിന്റെ കമ്പനങ്ങളുണ്ടായി. പ്രത്യക്ഷമാകുന്നതിന്റെ തുടക്കമായിരുന്നു അത്. അഗണ്യതയില്‍നിന്ന് കര്‍മത്തിലേക്കുള്ള അതിന്റെ വികാസം ഋഗ്വേദത്തില്‍ (10:129:1-5) വിവരിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പരിഭാഷ ഇതാ (സമ്പൂര്‍ണകൃതികള്‍, വാല്യം 6, 178-179): അന്നുണ്ടായിരുന്നില്ല, ഇല്ലായിരുന്നുമില്ല, ലോകമുണ്ടായിരുന്നില്ല, അപ്പുറം ആകാശവും.... എന്നാല്‍, അത് അനക്കമില്ലാതെ കമ്പനം ചെയ്തു, തനിയെ, സ്വേച്ഛയാല്‍. ഏകം. അതിന് അപ്പുറം, ഒന്നുമുണ്ടായിരുന്നില്ല.... ആദ്യം അഭിലാഷമുണ്ടായി, മനസിന്റെ ആദ്യ ബീജം... അതിന്റെ രശ്മികള്‍, മേലെ, താഴെ, വശങ്ങളില്‍, വ്യാപിച്ചു. അപ്പോള്‍ ഇച്ഛ കര്‍മമായി, താഴെ ജീവതത്വം മുകളില്‍ കര്‍മ ശക്തി. ഈ വേദഭാഗത്തില്‍, 'അത്', 'ഏകം' എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ജീവതത്വമായ ബ്രഹ്മനെയാണ്; 'ഇച്ഛ' എന്നത് അതിന്റെ ശക്തിയോ സവിശേഷശേഷിയോ ആണ്. നിരവധി വേദശ്ലോകങ്ങളില്‍, അത് (തത്) എന്നത്, ബ്രഹ്മന്റെ പര്യായമായിട്ടാണെന്ന് ഭഗവദ്ഗീത (17:23) നിരീക്ഷിക്കുന്നു. 'ഏകം' എന്ന പ്രയോഗത്തില്‍നിന്ന് സിദ്ധിക്കുന്നത്, ബ്രഹ്മന്‍ അന്ന് മൊത്തം അതിരുകളില്ലാത്ത മഹാസത്തയില്‍ നിലനിന്ന ഏക സംഗതിയായിരുന്നു എന്നാണ്. ഈ വേദഭാഗം ഒരുപാടുകാര്യങ്ങള്‍ വെളിവാക്കുന്നു. ബ്രഹ്മന്‍ 'സ്വേച്ഛയില്‍ കമ്പനം ചെയ്തു' എന്നു കാണാം. വായനക്കാരനെ ഞാന്‍ ഓര്‍മിപ്പിക്കട്ടെ- കമ്പനം, തരംഗം തുടങ്ങി ഇവിടെ ഉപയോഗിച്ച വാക്കുകള്‍ അവയുടെ വാച്യാര്‍ത്ഥത്തിലല്ല, പദാര്‍ത്ഥരഹിത കണികകള്‍ക്ക് ചേര്‍ന്ന അര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത് (നാലാം അധ്യായം കാണുക). ഭാഷ ഇവിടെ തോല്‍ക്കുന്നു. നാലാം അധ്യായത്തില്‍ ആത്മാവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം ബ്രഹ്മനും ചേരും. മേല്‍പറഞ്ഞ വേദഭാഗവും, ഐതരേയ ഉപനിഷത്തും (1:1:1)ഛാന്ദോഗ്യ ഉപനിഷത്തും (6:2:3) പറയുന്നത്, ബ്രഹ്മനില്‍ ഒരഭിലാഷം ഉണര്‍ന്നു എന്നാണ്. ബ്രഹ്മന്‍ അന്ന് തിനിച്ചായിരുന്നതിനാല്‍, മറ്റുള്ളവയുടെ കൂട്ടിനുള്ള അഭിലാഷമായിരുന്നു അത് എന്നര്‍ത്ഥം. മറ്റുള്ളവയുടെ സൃഷ്ടിക്കുള്ള അഭിലാഷം. അന്ന് ബ്രഹ്മന്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍, തുടര്‍ന്നുള്ള സൃഷ്ടികള്‍ സ്വയം വേണം. അഭിലാഷം ആന്തരികമായതിനാല്‍, ഏത് സാഹചര്യത്തിലും അത് ബോധത്തിലുണ്ടാകാം; അതിന്റെ നിദ്രാവസ്ഥയിലുമുണ്ടാകാം (മൂന്നാം അധ്യായം); എന്നാല്‍ ആ അഭിലാഷം സാധ്യമാക്കാന്‍ അത് അഗണ്യതയില്‍നിന്ന് പ്രത്യക്ഷത്തിലേക്ക് വരണം. പ്രത്യക്ഷത്തിലേക്കുള്ള ഉയര്‍ച്ചയാണ് കമ്പനം. 'ബ്രഹ്മന്‍ കമ്പനം ചെയ്തു, എന്നാല്‍ ആദ്യം അഭിലാഷം ഉണര്‍ന്നു' എന്നാണ് വേദഭാഗത്തില്‍. സ്വയം പരിണമിച്ച് സൃഷ്ടിക്കുക എന്ന ആശയം ബ്രഹ്മനില്‍ ആവേശമുണ്ടാക്കുകയും അത് കമ്പനത്തില്‍ പ്രതിഫലിക്കുകയും ചെയ്തതാകാം. 'അതിന്റെ രശ്മികള്‍' (ആ അഭിലാഷത്തിന്റെ തരംഗങ്ങള്‍) 'മുകളിലും താഴെയും വശങ്ങളിലും' പ്രസരിച്ചു എന്നുവച്ചാല്‍, എല്ലായിടത്തും എന്നര്‍ത്ഥം. അത് ബ്രഹ്മന്‍ കര്‍മനിരതമാകുന്നതിന്റെ ആരംഭമായിരുന്നു. ബ്രഹ്മന്‍ മുഴുവന്‍ സൂക്ഷ്മവും ഏകവുമായതിനാല്‍, ആവേശവും കമ്പനവും അത് മുഴുവനുമുണ്ടായി. ബ്രഹ്മനിലാകെ കമ്പനം നിറഞ്ഞു. ബ്രഹ്മന്‍ സ്വേച്ഛയാല്‍ കമ്പിതമായി; ഉള്ളിലെ ശേഷിയാണ് അത്. ആ ശേഷി ഒരിക്കലും ക്ഷയിച്ചിട്ടില്ല. സൃഷ്ടികള്‍ക്കുള്ള ബ്രഹ്മന്റെ അഭിലാഷവും ക്ഷയിച്ചില്ല. ബ്രഹ്മനിലുണ്ടായ കമ്പനം ഒരിക്കലും നിന്നില്ല. അത്, അതിന്റെ എല്ലാ സൃഷ്ടികളിലേക്കും-ആറ്റങ്ങളിലേക്കും ജീവജാലങ്ങളിലേക്കുമെല്ലാം വ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.