നാളികേര ഉത്പാദനത്തില്‍ വന്‍ ഇടിവ്

Tuesday 27 September 2016 2:51 am IST

ആലപ്പുഴ: സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ഡയറക്ടര്‍ ഡോ.പി. ചൗദപ്പ അറിയിച്ചു. 1990ല്‍ കേരളത്തിന്റെ 57 ശതമാനം ഭൂമിയിലും കേര കൃഷി നടന്നിരുന്നു. 47 ശതമാനമായിരുന്നു വിളവ്. എന്നാല്‍, 2015 ആയപ്പോഴേക്കും നാളികേര കൃഷി 32 ശതമാനമായി കുറഞ്ഞു. ഉത്പാദനം 24 ശതമാനം മാത്രം. ദേശീയ ശരാശരിയിലും കുറവാണ് കേരളത്തിലെ നാളികേര ഉത്പാദനം. ഒരു ഹെക്ടറില്‍ 10,345 നാളികേരം എന്നതാണ് ദേശീയ ശരാശരി. എന്നാല്‍, കേരളത്തില്‍ ഇത് 7,535 ആണ്. തമിഴ്‌നാട്ടില്‍ 14,875. കേരളത്തില്‍ ഇതിന്റെ പകുതി മാത്രമേയുള്ളൂ. വന്‍ ഉത്പാദനച്ചെലവാണ് കേരളത്തിലെ കര്‍ഷകരെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. ഒരു തേങ്ങയ്ക്ക് ശരാശരി 8.24 രൂപയാണ് ഇവിടെ ചെലവ്. ഇതില്‍ 58 ശതമാനവും തൊഴിലാളികളുടെ കൂലി. ഒരു കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ 76 രൂപ ചെലവ്. എന്നാല്‍, 59.50 രൂപ മാത്രമാണ് താങ്ങുവില. വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഇവിടുത്തെ കേര കര്‍ഷകര്‍ക്കുണ്ടാകുന്നത്. മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നഷ്ടത്തില്‍ നിന്നു കരകയറാന്‍ കഴിയൂ. എന്നാല്‍, ആകെ നാളികേരം ഉത്പാദനത്തിന്റെ ആറു ശതമാനം മാത്രമാണ് മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.