മാതൃകാഗ്രാമം പദ്ധതിയുടെ മറവില്‍ 75 ലക്ഷം തട്ടാന്‍ നീക്കം

Tuesday 27 September 2016 3:01 am IST

ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ തുമ്പച്ചി, നാടുകാണി എന്നീ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഹാംലറ്റ് പദ്ധതിയുടെ മറവില്‍ മുക്കാല്‍കോടി തട്ടാന്‍നീക്കം. 2014-15യിലാണ് പിന്നാക്കക്കാര്‍ക്കായി ഒരു കോടി രൂപയുടെ വികസന പദ്ധതി ആവിഷ്‌കരിച്ച് കുടിവെള്ളം, റോഡ് എന്നിവ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചത്. അടിസ്ഥാന ജലസേചന വികസന കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. ഇവര്‍ സ്വകാര്യ വ്യക്തികളെ നിര്‍മ്മാണം ഏല്‍പ്പിച്ചു. ഇരുനൂറ് മീറ്റര്‍ റോഡ് നിര്‍മ്മിച്ചു. കുടിവെള്ള വിതരണത്തിനായി നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചത്. മുന്‍പ് നാടുകാണി പ്രദേശത്തുണ്ടായിരുന്ന കുളമാണ് തെരഞ്ഞെടുത്തത്. നാടുകാണി പവലിയന് സമീപം ടാങ്കും സജ്ജമാക്കി. 12 കുതിരശക്തിയുടെ മോട്ടോറും സ്ഥാപിച്ചു. കഴിഞ്ഞ ജൂണ്‍ നാലിന് ജലപദ്ധതി സമര്‍പ്പിച്ചു. ആദ്യ ദിവസങ്ങളില്‍ മാത്രമാണ് വീടുകളില്‍ കുടിവെള്ളം എത്തിയത്. പിന്നീട് കുടിവെള്ളം എത്തിയതേയില്ല. ഇതിനിടെ 25 ലക്ഷം രൂപയുടെ ബില്ല് കരാറുകാരന്‍ മാറിയെടുത്തു. ശേഷിക്കുന്ന 75 ലക്ഷം രൂപയുടെ ബില്ല് സമര്‍പ്പിച്ചിരിക്കുന്നു. പദ്ധതിയുടെ പേരില്‍ പണം കൊള്ള നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പദ്ധതിക്കായി 20 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കി. പദ്ധതി നിര്‍വ്വഹണത്തിലെ ക്രമക്കേട് സംബന്ധിച്ച് കുളമാവ് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.