കോച്ച് റിപ്പയറിംഗ് കേന്ദ്രം അനുവദിക്കണം: ഒ. രാജഗോപാല്‍ എംഎല്‍എ

Tuesday 27 September 2016 10:29 am IST

കോഴിക്കോട്: കേരളത്തിന് റെയില്‍വേ കോച്ച് റിപ്പയറിംഗ് കേന്ദ്രം അനുവദിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇന്നലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കേരളത്തിലെ വിവിധ റെയില്‍വേസ്റ്റേഷനുകളിലെ ആറ് പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് പഴയ കോച്ചുകളാണ് ലഭിക്കുന്നതെന്ന പരാതി സ്ഥിരമാണ്. നിലവില്‍ കോച്ചുകളുടെ റിപ്പയറിങിന് ട്രിച്ചിയിലും ആര്‍ക്കോണത്തുമാണ് സൗകര്യമുള്ളത്. ഷൊര്‍ണ്ണൂരില്‍ കോച്ചുകള്‍ നന്നാക്കാനുള്ള വര്‍ക്ക്‌ഷോപ്പ് ആരംഭിച്ച് കഴിഞ്ഞാല്‍ കേരളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇതിനാവശ്യമായ നടപടികളെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. തിരുവനന്തപുരത്തിന്റെ രണ്ടാമത്തെ ടെര്‍മിനല്‍ എന്ന നിലയില്‍ നേമം റെയില്‍വേസ്റ്റേഷന്‍ വികസിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. വിഴിഞ്ഞം ഹാര്‍ബര്‍ വരുന്നതോടെ നേമത്തിന് പ്രാധാന്യം കൂടും. വിഴിഞ്ഞത്തിന് തൊട്ടടുത്ത് ബാലരാമപുരം സ്റ്റേഷനുണ്ടെങ്കിലും വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളത് നേമത്താണ്. പതിനഞ്ച് ഏക്കര്‍ ഭൂമി റെയില്‍വേക്ക് അവിടെ സ്വന്തമായുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുവാദം ഉണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരവും സൗകര്യപ്രദവുമായിരിക്കും ഈ വികസനം. സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമത്തെ റെയില്‍വേ സ്റ്റേഷന്റെ വികസനത്തില്‍ പങ്കുവഹിക്കണം അദ്ദേഹം പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാറാണ് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കോഴിക്കോട്ടെ റെയില്‍വേ യാത്രയില്‍ വലിയ പങ്കാണ് വഹിക്കുന്നത് അദ്ദേഹം പറഞ്ഞു. നേമം റെയില്‍വേ സ്റ്റേഷന്‍ വികസനം, എറണാകുളം, കൊച്ചുവേളി എന്നീ ടെര്‍മിനലുകളുടെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു യോഗത്തില്‍ ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.