സ്വാശ്രയ പ്രശ്‌നത്തില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

Tuesday 27 September 2016 12:13 pm IST

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ സമരക്കാര്‍ കൂലിക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. മഷി കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്ക്യം മുഴക്കി. ബഹളം നിയന്ത്രണാതീതമാതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് രാവിലെ എട്ടര മണിക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി യുത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെയെങ്കിലും ഓര്‍ത്ത് പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസെങ്കിലും കുറയ്ക്കണമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഷാഫി പറമ്പില്‍ ആവശ്യമുന്നയിച്ചു. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. അതിനിടെ, പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്വാശ്രയകരാറില്‍നിന്ന് പിന്നോട്ടുപോകില്ല. നീറ്റ് മെറിറ്റ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ സംസാരം തെരുവില്‍ സംസാരിക്കുന്നതുപോലെയാണെന്നു മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ല. മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.