സിന്ധു - ഭാരത സംസ്കാരത്തിന്റെ ഉറവിടം

Sunday 9 April 2017 2:21 pm IST

ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കല്‍ കരാറുകളില്‍ ഏറ്റവും വിജയകരമായ ഒന്നാണ് സിന്ധു നദീജല ഉടമ്പടി. 1960 സപ്തംബര്‍ 19ന് കറാച്ചിയില്‍ വച്ചാണ് സിന്ധൂനദീജല ഉടമ്പടിയില്‍ ഭാരതവും പാക്കിസ്ഥാനും ഏര്‍പ്പെടുന്നത്. അന്നത്തെ ഭാരത പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ ജനറല്‍ അയൂബ് ഖാനുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഭാരതത്തിനും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. പശ്ചിമ ടിബറ്റില്‍ നിന്നും ഉത്ഭവിക്കുന്ന സിന്ധു നദി പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. ഈ നാടിനും ജനതയ്ക്കും ഹിന്ദുസ്ഥാനമെന്നും ഹിന്ദുക്കളെന്നും പേര്‍ സിദ്ധിച്ചതുതന്നെ സിന്ധുവെന്ന പേരില്‍ നിന്നാണ്. ആയിരമായിരം വര്‍ഷങ്ങളായി സിന്ധു നദിയാണ്‌ ഭാരതത്തിന്റെ അതിരായി സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്‌. പക്ഷേ ഇന്ന്‌ സിന്ധു പാക്കിസ്ഥാനി നദിയായിട്ടാണ്‌ ലോകത്ത്‌ അറിയപ്പെടുന്നത്‌. സിന്ധുയെന്ന പേര്‌ പോലും പറയപ്പെടുന്നില്ല. ഇംഗ്ലീഷുകാര്‍ ഇട്ട ഇന്‍ഡഡ്‌ എന്ന പേരാണ്‌ അതിനുള്ളത്‌. കാലവര്‍ഷക്കാലത്ത്‌ മഴ മൂലവും വേനല്‍ക്കാലത്ത്‌ ഹിമാലയത്തെ മഞ്ഞുരുകിയും സിന്ധുവില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇന്ന്‌ സിന്ധുനദിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ. ലഡാക്കില്‍ ലേഹ്ന നഗരത്തിനടുത്ത്‌ സിന്ധുനദിക്കരയില്‍ സിന്ധുദര്‍ശനം എന്ന ഉത്സവം ഏതാനും വര്‍ഷങ്ങളായി നടന്നു വരുന്നുണ്ട്‌. 1977 ല്‍ ജനതാ ഭരണകാലത്ത്‌ എല്‍.കെ.അദ്വാനി വാര്‍ത്താവിതരണ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ ദല്‍ഹി സര്‍ക്കാരിന്റെ ചുമതലയിലാണ്‌ സിന്ധു ദര്‍ശന ഉത്സവം ആരംഭിച്ചത്‌. പിന്നീട്‌ കേന്ദ്ര സര്‍ക്കാര്‍ തന്നെ അത്‌ വിജയിപ്പിക്കാന്‍ ഉത്സാഹിച്ചു. വിഭജനത്തെത്തുടര്‍ന്ന്‌ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട സിന്ധു ദേവാരാധന പുനരാരംഭിക്കാന്‍ ആ സമൂഹത്തിന്‌ സാധിച്ചു. നമ്മുടെ ചരിത്രത്തിലും സിന്ധുനദിക്ക്‌ സമുന്നതമായ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഭാരതത്തിന്മേല്‍ നടന്ന ആദ്യ വിദേശീയാക്രമണം അലക്സാണ്ടറുടേതായിരുന്നല്ലോ. സിന്ധു നദീതീരമായിരുന്നു യുദ്ധരംഗം. പുരുഷപുരത്തെ (ഇന്നത്തെ പെഷവാര്‍) പുരൂരവസ്‌ രാജാവുമായി ഉണ്ടായ യുദ്ധം ഭാരത ചരിത്രഗതിയെ തന്നെ മാറ്റിമറിച്ചു. ആ യുദ്ധത്തോടെ തുടര്‍ന്ന്‌ മുന്നേറാന്‍ മടിച്ച അലക്സാണ്ടറും സൈന്യവും സിന്ധുനദിയിലൂടെ കപ്പലുകളില്‍ മടക്കയാത്ര ചെയ്തതായി ചരിത്രം പറയുന്നു. ആലിസ്‌ അല്‍ബിനിയ എന്ന ബ്രിട്ടീഷുകാരി സിന്ധുനദിയുടെ പതനം മുതല്‍ ഉത്ഭവം വരെ നടത്തിയ യാത്രാവിവരണ ഗ്രന്ഥമായ ‘എബ്‌യേഴ്സ്‌ ഓഫ്‌ ദ ഇന്‍ഡസ്‌’ എന്ന പുസ്തകം. കറാച്ചി തെക്ക്‌ നദി അറബിക്കടലില്‍ ചേരുന്ന സ്ഥാനത്തുനിന്ന്‌ പുറപ്പെട്ട്‌ മുകളിലേക്ക്‌ പോകവേ കടന്നുപോയ സ്ഥലങ്ങളുടെ ചരിത്രവും സംസ്ക്കാരവുമെല്ലാം അല്‍ബീനിയ പരാമര്‍ശിക്കുന്നു. കറാച്ചി തെക്ക്‌ നദി അറബിക്കടലില്‍ ചേരുന്ന സ്ഥാനത്തുനിന്ന്‌ പുറപ്പെട്ട്‌ മുകളിലേക്ക്‌ പോകവേ കടന്നുപോയ സ്ഥലങ്ങളുടെ ചരിത്രവും സംസ്ക്കാരവുമെല്ലാം അല്‍ബീനിയ പരാമര്‍ശിക്കുന്നു. ഭാരതത്തിന്റെ കൈവശമുള്ള ലഡാക്ക്‌ ഭാഗത്തെ നദിയുടെ സുന്ദര ദൃശ്യങ്ങള്‍ ഗ്രന്ഥകര്‍ത്രി ചിത്ര സഹിതം വിവരിക്കുന്നു. അവിടെനിന്ന്‌ തിബത്തന്‍ ഭാഗത്ത്‌ ചൈനീസ്‌ അധികൃതരുടെ അനുമതിയോടെ അവര്‍ നദിയുടെ ഉത്ഭവസ്ഥാനം വരെപോകുന്നു. അവിടെ നേപ്പാളികളും തിബത്തുകാരും ബുദ്ധമതക്കാരും ഹിന്ദുക്കളും പവിത്ര നദിയായി അതിനെ കാണുന്നു. സെന്‍ഗെ ഖബാബ്‌ എന്നാണ്‌ സിന്ധുവിന്റെ പേര്‌. സിംഹമുഖം എന്നര്‍ത്ഥം. സാധാരണയായി അതിനേക്കാള്‍ കൂടുതല്‍ ജലമുള്ള ഒരു നദി അതില്‍ ചേരുന്നുണ്ട്‌. പക്ഷെ എല്ലാക്കാലത്തും ഏറ്റക്കുറച്ചിലില്ലാത്ത പ്രവാഹമാണ്‌ സിംഹമുഖത്തുള്ളത്‌. ഋഗ്‌വേദത്തിലും അഥര്‍വവേദത്തിലും സിന്ധുനദിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ സദാപ്രവഹിക്കുന്ന നദിയായി സിന്ധുവെ പ്രകീര്‍ത്തിക്കുന്നുവെന്നും ഒരിക്കല്‍ സ്വര്‍ഗത്തെവലംവെച്ചുകൊണ്ട്‌ നാഗരികതകളെയും ജന്തുസസ്യജാലങ്ങളെയും ഭാഷകളെയും മതങ്ങളെയും വളരാന്‍ ലക്ഷക്കണക്കിന്‌ വര്‍ഷം പ്രവഹിച്ച സിന്ധു മനുഷ്യന്റെ വിഡ്ഢിത്തം കൊണ്ട്‌ പൂര്‍ണമായും നാശത്തിന്റെ വക്കിലാണെന്ന്‌ ആലിസ്‌ അല്‍ബിനിയാ വിലപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.