ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടി കൊണ്ട് വെട്ടിക്കൊന്നു

Tuesday 27 September 2016 11:11 pm IST

സ്വന്തം ലേഖകന്‍
വിളപ്പില്‍: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് വെട്ടിക്കൊന്നു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് വിളപ്പില്‍ശാല കുന്നുംപുറത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുന്നുംപുറം ഏയ്ഞ്ചല്‍ വില്ലയില്‍ റിട്ട. അദ്ധ്യാപിക ശോശാമ്മയെ(63) ആണ് ഭര്‍ത്താവ് യേശുദാസ്(68) മണ്‍വെട്ടികൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. യേശുദാസിനെ സംഭവ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കുറേക്കാലമായി യേശുദാസും ഭാര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. യേശുദാസും മകന്‍ ജോസും കുന്നുംപുറത്തെ വീട്ടിലായിരുന്നു താമസം. ശോശാമ്മ കൊട്ടാരക്കരയിലുള്ള സഹോദരനൊപ്പമായിരുന്നു. കുന്നുംപുറത്തെ വീടിന്റെ അവകാശത്തെ ചൊല്ലി ഇവര്‍ തമ്മില്‍ കോടതിയില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവര്‍ക്കും തുല്യമായി ഈ വീട് വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടു. വീട് ഇരുവര്‍ക്കുമായി ഭാഗിച്ചുനല്‍കാന്‍ കോടതി നിയോഗിച്ച അഭിഭാഷകര്‍ ഇന്നലെ രാവിലെ എത്തി. ഇവര്‍ക്ക് സംരക്ഷണത്തിനായി വിളപ്പില്‍ശാല എസ് ഐ ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. വിധി നടപ്പിലാക്കുന്നതറിഞ്ഞാണ് ശോശാമ്മ ഇന്നലെ കൊട്ടാരക്

കൊല്ലപ്പെട്ട ശോശാമ്മ

കരയില്‍ നിന്നെത്തിയത്. ഉച്ചയോടെ വീട് അളന്നുതിട്ടപ്പെടുത്തിയ ശേഷം അഭിഭാഷകരും പോലീസും മടങ്ങി. ശോശാമ്മ തനിക്ക് അളന്നുനല്‍കിയ വീടിന്റെ നേര്‍പകുതി മതില്‍കെട്ടി തിരിക്കുന്നതിന് ജോലിക്കാരെയും നിര്‍ത്തി.
ഉച്ചയ്ക്ക് മതില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാര്‍ ഊണുകഴിക്കാന്‍ പോയപ്പോള്‍ ശോശാമ്മ സമീപത്ത് താമസിക്കുന്ന മകള്‍ ഏയ്ഞ്ചലിന്റെ വീട്ടില്‍ ഊണുകഴിക്കാന്‍ പോയി. ജോലിക്കാര്‍ മടങ്ങിയെത്തും മുമ്പ് ശോശാമ്മ പണി നടക്കുന്നിടത്ത് എത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന യേശുദാസ് പണിസ്ഥലത്ത് ഉണ്ടായിരുന്ന മണ്‍വെട്ടി എടുത്ത് ശോശാമ്മയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് ശോശാമ്മയുടെ തല നെടുകെ പിളര്‍ന്നു. കണ്ണുകള്‍ പുറത്തേക്ക് തെറിച്ചിരുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തെ വ്യാപാരികളും അയല്‍ക്കാരും ഓടിക്കൂടിയപ്പോള്‍ വെട്ടേറ്റ് നിലത്തുകിടന്ന് പിടയുന്ന ശോശാമ്മയെയാണ് കണ്ടത്. യാതൊരു കൂസലുമില്ലാതെ യേശുദാസ് അപ്പോഴും വീട്ടില്‍ തന്നെയുണ്ടായിരുന്നു. പത്തുവര്‍ഷം മുമ്പ് ഇതേരീതിയില്‍ യേശുദാസ് ശോശാമ്മയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വിളപ്പില്‍ശാല പോലീസ്, പോലീസ് ജീപ്പില്‍ ശോശാമ്മയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തില്‍ മലയിന്‍കീഴ് സിഐ ജയകുമാര്‍, കാട്ടാക്കട സിഐ അനുരൂപ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.  മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.