പ്രപഞ്ച നിലനില്‍പ്പ് ധര്‍മാചരണത്തില്‍: ഡോ. മോഹന്‍ ഭാഗവത്

Wednesday 28 September 2016 12:02 am IST

സ്വച്ഛ ഭാരത്: അമൃതാനന്ദമയി മഠം രാജ്യത്ത് നടപ്പിലാക്കുന്ന ശുചീകരണ യജ്ഞത്തിന്റെ സാക്ഷ്യപത്രം അമൃതപുരിയില്‍ അമ്മയുടെ ജന്മദിനാഘോഷ വേദിയില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് കൈമാറുന്നു. മാതാ അമൃതാനന്ദമയി ദേവി, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സമീപം

അമൃതപുരി (കൊല്ലം): ധര്‍മ്മാചരണമാണ് പ്രപഞ്ചത്തിന്റെ ശരിയായ നിലനില്‍പ്പിന് ആധാരമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദയ, സത്യം, വിശുദ്ധി, തപസ് എന്നിവയുടെ ആചരണമാണ് ധര്‍മ്മാചരണം. അത് ദേശകാലങ്ങള്‍ക്ക് അതീതമാണ്. മാതാ അമൃതാനന്ദമയീ ദേവി ധര്‍മ്മത്തിന്റെ ആദ്യ മൂന്ന് ഘടകങ്ങളും തപസിലൂടെ ആര്‍ജ്ജിക്കുകയും സമൂഹത്തിലേക്ക് പകരുകയും ചെയ്തു.

ഏകാന്തതയില്‍ നടക്കുന്നതാണ് തപസ്, അതും അമ്മ സമൂഹത്തിന് പകര്‍ന്നു. നാലും ഒരു വ്യക്തിയില്‍ സമന്വയിക്കുക വിരളം. അങ്ങനെ സമന്വയിക്കുന്നവരെയാണ് ധര്‍മ്മപ്രതീകമായി ആരാധിക്കുന്നത്.  ത്രേതായുഗത്തില്‍ ശ്രീരാമന്‍ ധര്‍മ്മമൂര്‍ത്തിയായിരുന്നു. അമ്മയില്‍ ധര്‍മ്മത്തിന്റെ നാല് ഘടകങ്ങളും സമന്വയിക്കുന്നുണ്ട്. അമ്മയുടെ ജീവിതത്തിലെ ഈ സ്‌നേഹവും ശുദ്ധിയുമാണ് ഭാരതത്തിന് ലോകത്തിന് കൊടുക്കാനുള്ള സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗവും അമ്മയുടെ പാദപൂജയും നടന്നു. രണ്ടര ലക്ഷം പേര്‍ക്കായിരുന്നു ഇന്നലെ അമൃതപുരിയില്‍ അന്നദാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.