വില തകര്‍ച്ച: വിഷരഹിത പച്ചക്കറി കര്‍ഷകര്‍ ആശങ്കയില്‍

Wednesday 28 September 2016 10:14 am IST

കരുവാരകുണ്ട്: കൃഷിവകുപ്പും വിവിധ സംഘടനകളും പ്രോത്സാഹനം നല്‍കി വിളയിറക്കിയ പച്ചക്കറി കര്‍ഷകര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് ആശങ്കയില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന പച്ചക്കറികളില്‍ മാരക കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓരോ പ്രദേശത്തും ആവശ്യമായി വേണ്ടിവരുന്ന പച്ചകറികള്‍ നാട്ടിന്‍ പുറങ്ങളില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. അതിന് കൃഷി വകുപ്പും വിവിധ സംഘടനകളും പ്രോത്സാഹനവും നല്‍കി. കൃഷി ചെയ്യുന്നതിന് വേണ്ടി വരുന്ന സ്ഥലം ഒരുക്കിയെടുത്തതിന്നും മറ്റും വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചിലവായത്. വിളയിറക്കി കായ്ഫലം ലഭിക്കണമെങ്കില്‍ ഏഴ് ആഴ്ചകള്‍ കാത്തിരിക്കണം. കീടങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കണമെങ്കില്‍ ദിവസവും നല്ല പരിചണവും ആവശ്യമാണ്. ഒരു കിലോ പാവക്ക 15 രൂപ, പയര്‍ 17 രൂപ വെണ്ട 10 രൂപ, വെള്ളരി അഞ്ച് രൂപ എന്നീ നിരക്കിലാണ് പച്ചകറികള്‍ കര്‍ഷകരില്‍ നിന്നും വ്യാപാരികള്‍ വാങ്ങുന്നത്.ആ വ ശ്യത്തിലധികം പച്ചകറികള്‍ മാര്‍ക്കറ്റിലെത്തിയാല്‍ വില ഇതിലും താഴും. ഓണ സീസണിലും പച്ചകറികള്‍ക്ക് മുന്തിയ വിലകര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. രാസവളത്തെ ആശ്രയിക്കാതെ ജൈവവളം ഉപയോഗിച്ചു ചെയ്യുന്ന കൃഷികള്‍ക്ക് ചിലവേറുമെന്നും കര്‍ഷകര്‍ പറയുന്നു. വില തകര്‍ച്ച നേരിടുമ്പോള്‍ മാന്യവില നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുവാനും കൃഷി വകുപ്പ് തയ്യാറാകുന്നില്ല. കുറഞ്ഞ വിലക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പച്ചകറികള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നതാണ് വിഷ രഹിത പച്ചകറികളുടെ വില തകര്‍ച്ചക്ക് സാഹചര്യം സൃഷ്ടിച്ചതെന്നും കര്‍ഷകര്‍ പറയുന്നു. നാണ്യവിളകള്‍ക്ക് വില തകര്‍ച്ച നേരിട്ടാല്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന രാഷ്ട്രീയ നേതാക്കളാരും ഹൃസ്വകാല വിളകളുടെ വിലയിടിവിനെതിരെ പ്രതിഷേധിക്കുവാനും നടപടിയെടുക്കുവാനും തയ്യാറാകുന്നില്ലന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പച്ചകറികളടക്കമുള്ള ഹൃസ്വകാല വിളകള്‍ക്ക് വില സ്ഥിരത നടപ്പാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.