ജെ.സി. ദാനിയല്‍ പുരസ്കാരം ജോസ്‌ പ്രകാശിന്‌

Friday 23 March 2012 10:15 pm IST

തിരുവനന്തപുരം: ജെ.സി. ദാനിയല്‍ പുരസ്കാരം പ്രശസ്ത നടന്‍ ജോസ്‌ പ്രകാശിന്‌. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. മലയാള നാടകവേദിയ്ക്കും സിനിമാലോകത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ്‌ പുരസ്കാരമെന്ന്‌ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പറഞ്ഞു.
പ്രമുഖ സംവിധായകന്‍ ശശികുമാര്‍, സാംസ്കാരിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, നടന്‍ നെടുമുടി വേണു, നടി മേനകാ സുരേഷ്കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്കാര ജേതാവിനെ നിര്‍ണ്ണയിച്ചത്‌. മാര്‍ച്ച്‌ 25 ന്‌ ഞായറാഴ്ച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോസ്‌ പ്രകാശിന്റെ കൊച്ചിയിലെ വസതിയിലെത്തി പുരസ്കാരം സമ്മാനിക്കും.
വാര്‍ധക്യസഹജമായ രോഗങ്ങള്‍മൂലം കാക്കനാട്‌ സണ്‍റൈസ്‌ ആശുപത്രി യില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌ ജോസ്‌ പ്രകാശ്‌ ഇപ്പോള്‍. കോട്ടയം നാഗമ്പടം സ്വദേശിയായ ജോസ്‌ പ്രകാശിന്റെ യഥാര്‍ത്ഥ പേര്‌ കുന്നേല്‍ ജോസഫ്‌ എന്നാണ്‌. തിക്കുറിശിയാണ്‌ ജോസഫിന്റെ പേര്‌ ജോസ്‌ പ്രകാശ്‌ എന്ന്‌ പരിഷ്ക്കരിച്ചത്‌. 1969ലാണ്‌ ജോസ്‌ പ്രകാശ്‌ അഭിനയ ജീവിതം തുടങ്ങിയത്‌. ഓളവും തീരവും എന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രമായിട്ടാണ്‌ കന്നി അരങ്ങേറ്റം. മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍, സത്യന്‍, മധു തുടങ്ങി കുഞ്ചാക്കോ ബോബന്‍, ആസിഫ്‌ അലി വരെയുള്ള നായകന്‍മാര്‍ക്കൊപ്പം ജോസ്‌ പ്രകാശ്‌ വേഷമിട്ടു. ഭക്ത കുചേല, ഈറ്റ, കൂടെവിടെ, നിറക്കൂട്ട്‌, രാജാവിന്റെ മകന്‍, സ്നേഹമുളള സിംഹം, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, പത്രം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷ മാണ്‌ അവതരിപ്പിച്ചത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.