കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

Wednesday 28 September 2016 4:54 pm IST

കൊല്ലം: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നവര്‍ പിടിയില്‍. മയ്യനാട് വലിയവിള സുനാമി ഫ്‌ളാറ്റില്‍ നാസര്‍ മകന്‍ തന്‍സീം(19), വെള്ളിമണ്‍ ചേറ്റുകടവ് ബംഗഌവില്‍ വീട്ടില്‍ മോഹനന്‍ മകന്‍ ശബരി(20) എന്നിവരാണ് കഴിഞ്ഞദിവസം അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ഇവരുടെ സംഘത്തില്‍പ്പെട്ട ആറോളം പേരെ ഇനിയും പിടികിട്ടാനുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താന്നിക്കമുക്കിലെ സ്‌റ്റേഷനറികട കുത്തിത്തുറന്ന് പതിനായിരം രൂപയും, സിഗരറ്റ്,മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ എന്നിവ മോഷ്ടിച്ചതും ചവറ സ്‌റ്റേഷന്‍ പരിധിയിലെ ടൈറ്റാനിയത്തിനുകിഴക്ക് മൊബൈല്‍ കട കുത്തിത്തുറന്ന് മൊബൈല്‍ മോഷണം നടത്തിയതും കൊട്ടിയം സ്‌റ്റേഷന്‍ പരിധിയിലെ മുഖത്തല ചെറിയേലയിലെ മൊബൈല്‍കട കുത്തിത്തുറന്ന് മോഷണം, ഇരവിപുരം സ്‌റ്റേഷന്‍ പരിധിയിലെ സ്‌റ്റേഷനറികടയിലെ മോഷണം, കൂടാതെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. റീചാര്‍ജ് കൂപ്പണുകളും സിഗരറ്റും സ്വന്തം ഉപയോഗത്തിന് ശേഷം ബാക്കി വരുന്നവ വില്‍ക്കുകയും ചെയ്യും. ഇത്തരത്തില്‍ മോഷ്ടിച്ച നിരവധി ഫോണുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പണം കിട്ടിയാല്‍ കാര്‍ വാടകക്ക് എടുത്ത് കൂട്ടുകാരുമൊത്ത് കറങ്ങിനടക്കും. ഇവര്‍ക്ക് കാര്‍ വാടകക്ക് നല്‍കുന്നവരെകുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജില്ലയുടെ വിവിധ'ഭാഗങ്ങളിലുള്ള യുവാക്കള്‍ സന്ധ്യയാകുന്നതോടെ ഏതെങ്കിലും ഒളിസങ്കേതത്തില്‍ ഇരുന്നു ലഹരി ഉപയോഗിച്ചതിന് ശേഷം സ്വന്തമായുള്ള വിലകൂടിയ ബൈക്കുകളിലോ വാടകയ്ക്ക് എടുക്കുന്ന കാറുകളിലോ സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്. പോലീസിനുപോലും പേടിസ്വപ്‌നമായ ഈ വാഹനങ്ങള്‍ നമ്പര്‍പ്ലേറ്റ് മറച്ചുപിടിച്ചും അവ്യക്തമായ രീതിയില്‍ നമ്പര്‍ എഴുതിയും കൈകാണിച്ചാല്‍ നിര്‍ത്താതെ അമിതവേഗതയിലുമാണ് പാഞ്ഞുപോകുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇത്തരം യുവാക്കളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണം. അന്വേഷണ ടീമില്‍ കൊല്ലം എസിപി ജോര്‍ജ്ജ് കോശി,സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, വെസ്റ്റ് സിഐ ബിജു, അഞ്ചാലുംമൂട് എസ്‌ഐ എം.കെ.പ്രശാന്ത്കുമാര്‍, ഷാഡോ എസ്‌ഐ ബാബുകുമാര്‍, എഎസ്‌ഐ ജോസ്പ്രകാശ്, എസ്‌സിപിഒമാരായ കൃഷ്ണകുമാര്‍, ബൈജു, പി.ജെറോം, സിപിഒ മാരായ ഹരിലാല്‍, സജു.എസ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.