കബനി കനിഞ്ഞില്ല: ബീച്ചനഹള്ളിയില്‍ ജലപൂജയുമില്ല

Sunday 9 April 2017 2:21 pm IST

ബീച്ചനഹള്ളി അണക്കെട്ടിലെ ജലപൂജ (ഫയല്‍)

യനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമായത് കര്‍ണാടകക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വയനാട്ടിലെ കാലവര്‍ഷമാണ് കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്റെ ജലസ്രോതസ്സ്. സാധാരണ ഓഗസ്റ്റ് മാസത്തോടെ അണക്കെട്ട് നിറയും,അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും കര്‍ഷകരും ബീച്ചനഹള്ളിയിലെത്തി ജലപൂജ നടത്തും.എന്നാല്‍ ഇക്കൊല്ലം ജലപൂജ നടന്നില്ല.

ബീച്ചനഹള്ളി ഡാം കവിയാതെ. കബനിയിലെ ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വയനാട്ടില്‍ മഴ കുറഞ്ഞാല്‍ ഡാം ശുഷ്‌ക്കമാകും.ഈ വെള്ളമുപയോഗിച്ച് എച്ച് ഡി കോട്ട താലൂക്കില്‍ മാത്രം 3000 ഏക്കറില്‍ പച്ചക്കറികൃഷി ചെയ്യുന്നു.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ നല്ല മഴ പെയ്തത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്. 2012ല്‍ 1094.2ഉം 2013ല്‍ 2070ഉം 2014ല്‍ 1808ഉം 2015ല്‍ 1942.8ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.

ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42ഉം മലപ്പുറത്ത് 38ഉം പാലക്കാട് 34ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 20 ടി.എം.സി. ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിന്റെ സംഭരണശേഷി. മൈസൂര്‍, ബംഗളൂരു സിറ്റികളിലേക്കുള്ള കുടിവെള്ളം പോലും ബീച്ചനഹള്ളി ഡാമില്‍ നിന്നാണ് എത്തിക്കുന്നത്.

ബീച്ചനഹള്ളി അണക്കെട്ട്

ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൂറ്റന്‍ ടണലുകള്‍ വഴി അഞ്ച് കി.മീ. അകലെയുള്ള താരക അണക്കെട്ടിലും എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 90 ടി.എം.സി. ജലമാണ് കബനിവഴി കര്‍ണാടകയിലെ കാവേരിയിലെത്തുന്നത്. എന്നാല്‍ കേരളത്തിന് ഉപയോഗിക്കാവുന്ന 21 ടി.എം.സി. വയനാടിന് അര്‍ഹതപ്പെട്ടതാണെങ്കിലും അഞ്ച് ടി.എം.സി. മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു.

വെള്ളത്തിന് വേണ്ടി കര്‍ണാടകവും തമിഴ്‌നാടും തര്‍ക്കതിലാകുംപോഴും കാവേരി നദീജലം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കേരളത്തിനായില്ല. കാവേരി നദീജല ്രൈടബ്യൂണലിന്റെ ഉത്തരവ് പ്രകാരം വയനാട്ടിലെ കബനി നദിയിലെയും (21 ടി എം സി) പാലക്കാട് അട്ടപ്പാടിയിലെ ഭവാനിയിലെയും (6 ടി എം സി) ഇടുക്കി പാമ്പാറിലെയും (3 ടി എം സി ) വെള്ളം സംസ്ഥാന സര്‍ക്കാരിന് ഉപയോഗിക്കാം.ഈ വെള്ളം ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ 2009 ല്‍ കാവേരി സര്‍ക്കിള്‍ രൂപീകരിച്ചുകൊണ്ട് സുപ്രണ്ടിംഗ് എഞ്ചിനിയറെ നിയമിച്ചു.

വയനാട്ടിലെ കാരാപ്പുഴ,ബാണാസുരസാഗര്‍,നൂല്‍പ്പുഴ,മഞ്ചാട്ട്,തിരുനെല്ലി,തോണ്ടാര്‍,പെരുങ്ങോതുപുഴ,കള്ളമ്പതി,കടമാന്തോട്,ചെകാടി,ചൂണ്ടാലി പുഴ പദ്ധതികള്‍ ഭവാനിയിലെ അഗളി അട്ടപ്പാടിവാലി ഇറിഗേഷന്‍ പ്രൊജക്റ്റ്, തുടുക്കി പന്തന്‍ തോട്‌പ്രോജക്ട്രുകള്‍ പാമ്പാറിലെ പട്ടിശ്ശേരി,തലയാര്‍,ചെങ്ങല്ലാര്‍,വട്ടവട പദ്ധതികളും എങ്ങുമെത്തിയില്ല.വയനാട്ടിലെ കാരാപ്പുഴ മാത്രം ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ചിങ്ങം കഴിഞ്ഞിട്ടും വയനാട്ടില്‍ മഴ ശക്തമല്ല. കിണറകളിലും കുളങ്ങളിലും വെള്ളം കുറഞ്ഞതും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണ ലഭിച്ചിരുന്ന കാലവര്‍ഷം ദുര്‍ബലമായതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി.

സാധാരണനിലയില്‍ നല്ല മഴ ലഭിക്കേണ്ട സമയത്ത് മഴ ലഭിക്കാതെ വന്നതോടെ ഭൂരിഭാഗം വയലുകളും കൃഷിയിറക്കാന്‍ കഴിയാതെ തരിശായി കിടക്കുകയാണ്‌.്രൈടബ്യൂണല്‍ അനുവദിച്ച 30 ടിഎംസി വെള്ളത്തില്‍ 21 ടിഎംസി വെള്ളം കബനി നദിയില്‍ നിന്ന് എടുക്കണമെന്നിരിക്കെ അതിനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.