ജോലി വാഗ്ദാനം നല്‍കി പണം തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

Wednesday 28 September 2016 11:15 pm IST

സെയ്തുമുഹമ്മദ്, സിബിന്‍ ജോസ്‌

പൊന്‍കുന്നം: ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ മലേഷ്യന്‍ സ്വദേശിയും തമിഴ്‌നാട് സ്വദേശിയും അറസ്റ്റില്‍. ഏഴുപേരില്‍ നിന്നായി 5.25 ലക്ഷം രൂപ തട്ടിയെടുത്തെതിന് മലേഷ്യയിലെ ക്ലാങ് സ്വദേശി സെയ്തുമുഹമ്മദ്(29), തമിഴ്‌നാട് കന്യാകുമാരി തേച്ചിപ്പാറ സ്വദേശി സിബിന്‍ ജോസ് (24) എന്നിവരാണ് പൊന്‍കുന്നം പൊലീസിന്റെ പിടിയിലായത്.

രണ്ടു വര്‍ഷമായി ഇവര്‍ പൊന്‍കുന്നത്ത് വാടക വീട്ടിലായിരുന്നു താമസം. മലേഷ്യക്കാരന്‍ സെയ്തുമുഹമ്മദ് തമിഴ്‌നാട് സ്വദേശി മഹേഷ് എന്ന പേരിലും, സിബിന്‍ ജോസ് രമേഷ് എന്ന പേരിലുമാണ് താമസിച്ചിരുന്നത്. ഇതിനിടെ മലേഷ്യയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് ആരോപിച്ച് പൊന്‍കുന്നം സ്വദേശി ഗിരീഷ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവം അറിഞ്ഞ ഇവര്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി. സെല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കമ്പം ഗാന്ധിഗ്രാമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും മലേഷ്യന്‍, ഇന്ത്യന്‍ കറന്‍സികളും പോലീസ് കണ്ടെടുത്തു.

സെയ്തുമുഹമ്മദിന് 2015 ജൂലൈ 15 വരെയാണ് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ തങ്ങാനുള്ള അനുമതിയുണ്ടായിരുത്. അതിനുശേഷമാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തി പൊന്‍കുന്നത്ത് തമിഴ്‌നാട് സ്വദേശിയായി കഴിഞ്ഞു വന്നത്. ഇതിനിടയില്‍ മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നുമായി അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സെയ്തുമുഹമ്മദിനെതിരെ മതിയായ രേഖകളില്ലാതെ കേരളത്തില്‍ തങ്ങിയതിനും ആള്‍മാറാട്ടം നടത്തി പണം തട്ടിയതിനും, സിബിന്‍ ജോസിനെതിരെ വിസ തട്ടിപ്പിനുമാണ് കേസ്. ഇവര്‍ക്ക് മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും ഡിവൈഎസ്പി കെ.എം. ജിജിമോന്‍, സി.ഐ. ടി.ടി.സുബ്രഹ്മണ്യന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.