പ്ലാസ്റ്റിക് മാലിന്യ ശേഖരണ യൂണിറ്റ് ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന്

Thursday 29 September 2016 12:15 am IST

കണ്ണൂര്‍: നാറാത്ത് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗ്രാമത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് കുടുംബശ്രീ സിഡിഎസ്സുമായി സഹകരിച്ച് രൂപീകരിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ യൂണിറ്റിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അരക്കന്‍ പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി 29ന് ഉച്ചക്ക് മൂന്നിന് നാറാത്ത് ടൗണില്‍ നിന്ന് കമ്പില്‍ തെരുവരെ ഘോഷയാത്രയും ഉണ്ടാകും. കുടുംബശ്രീ മുഖേന പഞ്ചായത്ത് നിശ്ചയിച്ച വളണ്ടിയര്‍മാര്‍ മാസത്തില്‍ ഒരു ദിവസം വീടുകളിലുമെത്തി സംഭരിച്ചു വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തിച്ച് സംസ്‌കരണത്തിന് സജ്ജമാക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ്ങ് കേന്ദ്രത്തിലെത്തിച്ചാണ് സംസ്‌കരിക്കുക. വിവിധ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും ആഴ്ചയിലൊരുദിവസമാണ് മാലിന്യങ്ങള്‍ ശേഖരിക്കുക. ഇതിന്റെ നടത്തിപ്പ് ചെലവിലേക്കായി എല്ലാ വീടുകളില്‍ നിന്നും മാസം തോറും പത്ത് രൂപ വീതം വളണ്ടിയര്‍മാര്‍ മുഖേന ശേഖരിച്ച് നിര്‍വ്വഹിക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള, കാണി കൃഷ്ണന്‍, അരക്കന്‍ പുരുഷോത്തമന്‍, കെ.റഹ്മത്ത്, പി.വി. അബ്ദുള്ളമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.