കൊലയ്ക്ക് വധശിക്ഷ; മൂന്ന് ജീവപര്യന്തം

Thursday 29 September 2016 12:40 am IST

കൊല്ലപ്പെട്ട രമ്യ

കോയമ്പത്തൂര്‍: ബലാത്സംഗവും കൊലപാതകവും നടത്തിയ പ്രതിക്ക് കോയമ്പത്തൂര്‍ ജില്ലാ വനിതാ കോടതി വധശിക്ഷയും മൂന്ന് ജീവപര്യന്തവും ശിക്ഷ വിധിച്ചു. അസി. പ്രൊഫസറായിരുന്ന ഡി. രമ്യയെ (24), 2015 നവംബര്‍ മൂന്നിന് കൊലപ്പെടുത്തിയതിന് മഹേഷ് എന്ന ഡാനിയേലിനെ (30) യാണ് ശിക്ഷിച്ചത്.

കിനാത്തുകടവ് അക്ഷയ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ അധ്യാപികയായിരുന്നു, കോയമ്പത്തൂര്‍ കാരമടൈയില്‍ ടീച്ചേഴ്‌സ് കോളനിയില്‍ ധര്‍മ്മരാജിന്റെ മകള്‍ രമ്യ. അവധിക്കു വീട്ടില്‍വന്ന രമ്യയെ, പരിക്കേറ്റ അമ്മയ്‌ക്കൊപ്പം മരിച്ച നിലയില്‍ വീട്ടിനടുത്ത് കണ്ടെത്തുകയായിരുന്നു. രമ്യ കൊല്ലപ്പെട്ടെന്നും ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നും പേലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ബലാത്സംഗത്തിനിരയായെന്നു വ്യക്തമായത്.

കോയമ്പത്തൂര്‍ പോലീസ് പ്രത്യേക സംഘം 200 ല്‍ അധികം പേരെ ചോദ്യം ചെയ്ത് ഒരു മാസത്തിനു ശേഷം മഹേഷ് എന്ന ഡാനിയേലിനെ പിടികൂടി. തിരുനല്‍വേലി, തെങ്കാശിക്കാരനാണ് ഡാനിയേല്‍. 12 ാം ക്ലാസില്‍ പഠിത്തം നിര്‍ത്തി. സംഭവം നടന്നതിനടുത്ത് പാപനായ്ക്കന്‍ പാളയത്തിലായിരുന്നു താമസം.

വീടു മുതല്‍ രമ്യയേയും അമ്മ മാലതിയേയും പിന്തുടര്‍ന്ന് മാലതിയെ തടിക്കഷണംകൊണ്ട് ആക്രമിച്ച ശേഷം രമ്യയുടെ ആഭരണങ്ങള്‍ കവര്‍ന്നു. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ഡാനിയേല്‍ പോലീസിനോട് സമ്മതിച്ചു. ഒളിവിലായിരുന്ന ഡാനിയേലിനെ പിടികൂടി സ്വര്‍ണ്ണാഭരണങ്ങളും രമ്യയുടെ ലാപ് ടോപ്പും മറ്റും കണ്ടെത്തി. ഡാനിയേല്‍ ചെയ്തത് മനുഷ്യക്കശാപ്പാണെന്ന് വിലയിരുത്തിയ കോടതി, വധ ശിക്ഷ വിധിച്ചു.

ബലാത്സംഗത്തിനും മോഷണത്തിനും മറ്റുമാണ് മൂന്നു ജിവപര്യന്തം തടവു ശിക്ഷ. കാല്‍ ലക്ഷം രൂപയുടെ പിഴയും വിധിച്ച കോടതി, ഈ തുകയുള്‍പ്പെടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം രമ്യയുടെ കുടുംബത്തിനു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.