വാഷിംഗ്ടണ്‍: സപ്തംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സൗദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്കി. ബരാക് ഒബാമയുടെ വീറ്റോയെ മറികടന്നാണ് കോണ്‍ഗ്രസ് ബില്‍ അംഗീകരിച്ചത്.
അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്. ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ വീറ്റോ നീക്കത്തെ അംഗങ്ങള്‍ മറികടക്കുകയായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് ജസ്റ്റിസ് എഗന്‍സ്റ്റ് സ്പോണ്‍സേഴസ് ഓഫ് ടെററിസം ആക്ട് എന്ന ജസ്റ്റ നിയമം അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും പാസാക്കിയത്.
ബില്‍ പാസായതോടെ സപ്തംബര്‍ 11 ലെ അക്രമകാരികളെ പിന്തുണച്ചതിന് സൗദിക്കെതിരെ അമേരിക്കയ്ക്ക് നടപടി എടുക്കാം. 2001 ലെ സപ്തംബര്‍ 11 ആക്രമണം നടത്തിയ 19 പേരില്‍ 15 ഉം സൗദി പൗരന്മാരായിരുന്നു. അമേരിക്കന്‍ കോടതികളില്‍ സൗദിയെ വിചാരണ ചെയ്യാന്‍ ആക്രമണത്തിന്റെ ഇരകള്‍ ശ്രമിച്ചുവരികയാണ്. 3000 ത്തോളം പേര് കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: