മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Thursday 29 September 2016 10:40 pm IST

കണ്ണൂര്‍: അപകടത്തില്‍ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട പള്ളിക്കുന്ന് രാമതെരു ദേവീകൃപയില്‍ ടി.ടി.സുകുമാരന് മൂന്നു സെന്റ് ഭൂമി നല്‍കണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ നഗരസഭാ സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണം. കേസ് അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹന ദാസാണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ മറ്റൊരു കേസിലും സ്വമേധയാ ഇടപെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ചെറിയാക്കര അരക്കച്ചാലിലെ സ്വപ്‌നയുടെ ദുരിതം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ കാസറഗോഡ് ജില്ലാ കളക്ടര്‍ക്കും ജില്ലാ സാമൂഹ്യക്ഷേമവകുപ്പ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിനകം വിശദീകരണം നല്‍കണം. കേസ് നവംബറില്‍ കാസര്‍കോട് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ പരിഗണിക്കും. 2011 നവംബര്‍ 7 നാണ് ഭാര്യ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ ടി.ടി.സുകുമാരന് താഴെവീണ് പരിക്കേറ്റത്. നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവായി. ഭാര്യയും രോഗിയാണ്. സ്വന്തമായി വീടോ വസ്തുവോ ഇല്ല. ചികിത്സ നടത്താനുള്ള ശേഷിയുമില്ല. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ നല്‍കിയെ ങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്കും സുകുമാരന്‍ പരാതി നല്‍കിയിരുന്നു. ചെറിയ ദുരിതങ്ങള്‍ പേറുന്നവര്‍ വരെ എന്‍ഡോസള്‍ഫാന്‍ പട്ടികയിലെ കാറ്റഗറി ഒന്നില്‍ നില്‍ക്കുമ്പോള്‍ ചെറിയാക്കര സ്വദേശിനി സ്വപ്‌നയുടെ സ്ഥാനം രണ്ടാം പട്ടികയിലാണ്. മുടി കൊഴിഞ്ഞ് ശരീരമാസകലം വേദന കൊണ്ട് പുളയുകയാണ് സ്വപ്‌ന. സാമൂഹ്യക്ഷേമവകുപ്പിന് ഇത്തരം ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും സ്വപ്‌നയുടെ കാര്യത്തില്‍ ആരും സഹാനുഭൂതിയോടെ പെരുമാറുന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.