കലാമണ്ഡലം: കസേരകളിയില്‍ സീമയും ബിന്ദുവും

Thursday 29 September 2016 9:02 pm IST

ആര്‍. ബിന്ദു                                ടി.എന്‍. സീമ

തൃശൂര്‍: കേരള കലാമണ്ഡലത്തിന് വനിതാ വൈസ് ചാന്‍സലര്‍ വേണമെന്ന് നിര്‍ദ്ദേശമുയര്‍ന്നതോടെ സ്ഥാനത്തിനായി പോരാട്ടം മുറുകി. സിപിഎമ്മിലെ പ്രമുഖ വനിതാനേതാക്കളാണ് മത്സരരംഗത്തുള്ളവര്‍.

ആദ്യപേര് ഡോ. ടി.എന്‍.സീമയുടേതാണ്. വട്ടിയൂര്‍ക്കാവില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ സീമ പാര്‍ട്ടിനേതൃത്വം തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് പരിഭവിച്ച് നില്‍പ്പാണ്. സീമയെ അനുനയിപ്പിക്കാന്‍ പദവി കൊടുക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സീമ യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപികയായിരിക്കെ വിആര്‍എസ് എടുത്താണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. തൃശൂര്‍ മുന്‍ മേയറും കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുമായ ആര്‍.ബിന്ദുവും ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്.

ബിന്ദുവിന്റെ ഭര്‍ത്താവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.വിജയരാഘവന്‍ ഭാര്യക്കുവേണ്ടി പാര്‍ട്ടിനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തൃശൂര്‍ ജില്ലാകമ്മറ്റിയില്‍ ഒരു വിഭാഗവും ബിന്ദുവിന് പിന്തുണയുമായി രംഗത്തുണ്ട്. നിലവില്‍ സിപിഎം ജില്ലാകമ്മറ്റി അംഗമാണ് ബിന്ദു. പാര്‍ട്ടി ശ്രേണിയില്‍ ബിന്ദുവിനേക്കാള്‍ ഏറെ മുകളിലാണ് സീമ.

സീമയുടെ പേര് അംഗീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് വിജയരാഘവന്റെ ഇടപെടലാണെന്നാണ് സൂചന. നേരത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. പി.എന്‍. സുരേഷ് രാജിവെച്ചതിനെത്തുടര്‍ന്ന് കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ.എം.സി. ദിലീപ്കുമാറിന് കലാമണ്ഡലം വിസിയുടെ ചുമതല നല്‍കുകയായിരുന്നു. വൈസ് ചാന്‍സലറെ നിയമിക്കാന്‍ കഴിയാത്തത് മൂലം കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലാണ്.

പുരോഗമന കലാസാഹിത്യസംഘം നേതാവും നാട്ടിക എസ്എന്‍ കോളേജ് അധ്യാപകനുമായ ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശും വിസി പദവിയില്‍ കണ്ണുംനട്ട് രംഗത്തുണ്ടെങ്കിലും ഗ്രാമപ്രകാശിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.