ചന്തിരൂരില്‍ മോഷണം മുപ്പതുപവന്‍ കവര്‍ന്നു

Thursday 29 September 2016 9:02 pm IST

അരൂര്‍: അടുക്കള വാതില്‍ കുത്തിതുറന്ന് 30 പവനും പതിനയ്യായിരം രൂപയും കവര്‍ന്നു. ചന്തിരൂര്‍ പളയത്തില്‍ അബ്ദുള്‍ഖാദറിന്റെ വീട്ടിലും സഹോദരന്‍ അബ്ദുള്‍കരീമിന്റെ വീട്ടുലുമാണ് മോഷണം നടന്നത്. അബ്ദുള്‍ഖാദറിന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയത്. വീടിന്റെ സമീപം പറമ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പു പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. അബ്ദുള്‍ഖാദറിന്റെ ഭാര്യ റഫിയ നിസ്‌ക്കരിക്കാനായി പുലര്‍ച്ചേ മൂന്നുമണിക്ക് ഉണര്‍ന്നപ്പോഴാണ് പിന്‍വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നേ വീട്ടിലുള്ളവരെ വിളിച്ച് ഉണര്‍ത്തി പരിശേധിച്ചുവെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ കിടന്നുറങ്ങിയ മൂന്നു മുറികളില്‍ മോഷ്ടാക്കള്‍ കയറിയില്ല. മറ്റു നാലു മുറികളില്‍ കയറി പരിശോധിച്ച ലക്ഷണമുണ്ട്. സ്വണ്ണവും പണവുമല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല. വീട്ടില്‍നിന്ന് കമ്പിപ്പാര, കോടാലി, വാക്കത്തി എന്നിവ കാണാതായിട്ടുണ്ട്. അബ്ദുള്‍കരീമിന്റെ വീടിന്റെ പിന്‍വശത്തുള്ള മൂന്ന് വാതില്‍ പൊളിച്ചാണ് മോഷണ സംഘം അകത്തുകയറിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മോഷണസംഘം ഓടിമറഞ്ഞു. രണ്ടരയോടെയാണ് ഇവിടെ മോഷ്ടാക്കള്‍ എത്തിയത്. പിന്‍ഭാഗത്തുള്ള മുന്നാമത്തേ വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ടാണ് കരീം എഴുനേറ്റത്. കരീം വീടിന്റെ ഉള്ളിലും പുറത്തും പരിശേധിച്ചുവെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷ്ടാക്കള്‍ കൈയ്യുറ ഉപയോഗിച്ചിരുന്നതിനാല്‍ വിരലടയാളവിദഗ്ദര്‍ക്ക് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഡോഗ് സ്‌ക്വാഡ് രണ്ട് വീടും പരിശോധിച്ച് ദേശീയപാതയില്‍ ചെന്ന് നിന്നതല്ലാതെ തെളിവൊന്നും ലഭിച്ചില്ല. ആലപ്പുഴയില്‍നിന്ന് ഫിഗര്‍പ്രിന്റ്‌വിദഗ്ദ്ധന്‍ ജി. അജിത്ത്, ഫോട്ടോഗ്രാഫര്‍ സി. രാമചന്ദ്രന്‍, ഡോഗ് സ്‌ക്വഡ്, ആലപ്പുഴ ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റം, കുത്തിയതോട് സിഐ കെ. സജീവ്, അരൂര്‍ എസ്‌ഐ. അശോകന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.