അഗ്രോപാര്‍ക്കുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും

Thursday 29 September 2016 9:04 pm IST

സിപിസിആര്‍ഐയിലെത്തിയ കേന്ദ്രമന്ത്രി രാധാമോഹന്‍സിങ്ങ് തെങ്ങിന്‍തൈ നടുന്നു

ആലപ്പുഴ: എല്ലാ ജില്ലകളിലും കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കായംകുളം സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രത്തില്‍ ദേശീയ കര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ നാലു ജില്ലകളില്‍ നാളികേര അധിഷ്ഠിതമായ അഗ്രോ പാര്‍ക്കുകളാണ് തുടങ്ങുക. കാര്‍ഷിക വിളകളുടെ മൂല്യ വര്‍ധിത ലക്ഷ്യമിട്ടുള്ള ഒരു ദേശീയ ശില്പശാല നവംബര്‍ അവസാനം കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമുള്ള തെങ്ങിന്‍തൈയുടെ അഭാവം കേരളത്തിലെ നാളികേര കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി ചുണ്ടിക്കാട്ടി. ചടങ്ങില്‍ നാളികേര കര്‍ഷകര്‍ക്കായിട്ടുള്ള ‘ഇ-കല്‍പ്പ’ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും നാളികേര മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളായ കല്‍പ്പ ക്രെഞ്ച്, കല്‍പ്പ ഷുഗര്‍ എന്നിവയുടെ പുറത്തിറിക്കലും കേന്ദ്രമന്ത്രി രാധാമോഹന്‍സിങ് നിര്‍വഹിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്ര മന്ത്രിക്ക് നല്‍കി സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറും കെ.സി. വേണുഗോപാല്‍ എംപിയും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ, കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.