പ്രതിക്ക് 14 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും

Thursday 29 September 2016 10:07 pm IST

കോഴിക്കോട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചുവെന്ന കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും. കോഴിക്കോട് കക്കട്ടില്‍ നരിപ്പറ്റ വില്ലേജില്‍ ചുഴലിക്കവീട്ടില്‍ അബ്ദുള്ളയുടെ മകന്‍ നൗഷാദി (39)നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ബലാല്‍സംഗം, തട്ടികൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവനുഭവിക്കണം. 2011 മാര്‍ച്ച് 18നായിരുന്നു കേസിനാസ്പദമായ സംഭവം. 10-ാം ക്ലാസില്‍ പഠിക്കവെ രാവിലെ ക്ലാസിലേക്ക് പോയ കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ താമസിപ്പിച്ചാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് അമ്മ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ ബംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു. വിവാഹിതനായ പ്രതി പേരും ജാതിയും മാറ്റിപറഞ്ഞാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. പ്രതിയുടെ അറസ്റ്റിനെതുടര്‍ന്നാണ് യഥാര്‍ത്ഥ പേരും, ജാതിയും വെളിപ്പെടുന്നത്. പ്രതി പിഴയടക്കുന്നപക്ഷം ഒരുലക്ഷം രൂപ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. കേസില്‍ 27 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.