ആദ്യറീച്ചിന്റെ 10കിലോമീറ്റര്‍ നിര്‍മ്മാണം ബാക്കി എം.സി റോഡ് വികസനം പാതിവഴിയില്‍

Thursday 29 September 2016 10:23 pm IST

കുറവിലങ്ങാട്: പ്രഖ്യാപിത സമയത്തിന് മുമ്പായി എംസി റോഡ് വികസനം പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപി ആവര്‍ത്തിക്കുമ്പോഴും ആദ്യറീച്ചിന്റെ 10കിലോമീറ്റര്‍ നിര്‍മ്മാണംപോലും ബാക്കി. ഏറ്റുമാനൂര്‍-മുവാറ്റുപുഴ റീച്ചില്‍ ആദ്യ 10കിലോമീറ്റര്‍ പൂര്‍ത്തീകരിക്കാനായി അനുവദിച്ച സമയം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇനിയും റോഡിലെ അപകടഭീഷണി പോലും പൂര്‍ണ്ണമായി ഒഴിവാക്കാനായിട്ടില്ല. ഗതാഗതതിരക്കേറിയ എം.സി റോഡും പാലാ റോഡും സന്ധിക്കുന്ന കോഴാ ജംഗ്ഷനില്‍ അപകടഭീഷണി ഉയര്‍ത്തി പാതിവഴിയില്‍ നിര്‍മ്മാണം നിറുത്തിയ ഡിവൈഡര്‍ മാത്രം മതി കെഎസ്ടിപിയുടെ അനാസ്ഥയ്ക്ക് ഉദാഹരണം. ആയിരക്കണക്കായ വിദ്യാര്‍ത്ഥികളെത്തുന്ന സെന്‍ട്രല്‍ ജംഗ്ഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ വീതികൂട്ടിയ റോഡിന്റെ ടാറിംഗും മീഡിയനുകളും ഇനിയും എങ്ങുമെത്തിയിട്ടില്ല. മീഡിയനായി നടത്തിയ താല്‍ക്കാലിക നിര്‍മ്മാണം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള വേദിയായി എന്നതുമാത്രമാണ് ഇപ്പോഴുള്ള സ്ഥിതി. ബോയ്‌സ് ഹൈസ്‌കൂളിന് മുന്‍വശത്തായുള്ള ഓടയുടെ സ്ലാബ് പൂര്‍ണ്ണമായി ഇടാന്‍ പോലും കഴിയാതെയാണ് എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപി നിലപാടടെുക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷം ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ കോഴാ സെന്റ് ജോസഫ്‌സ് കപ്പേളവരെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു ശേഷം വര്‍ഷം രണ്ടെത്തിയിട്ടും ഈ ആദ്യ 10 കിലോമീറ്റര്‍പ്പോലും എങ്ങുമെത്തിയിട്ടില്ല. ടാറിംഗ് നടത്തിയ റോഡില്‍ ചിലയിടത്ത് മാസങ്ങള്‍ പിന്നിടും മുമ്പേ കുഴികളുണ്ടായി എന്നതാണ് യാഥാര്‍ഥ്യം. കുഴിരൂപപ്പെട്ടതറിഞ്ഞ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് അധികൃതര്‍ തടിതപ്പി. റോഡ് വികസനത്തിനായി പോസ്റ്റ് ഓഫീസിരിക്കുന്ന സ്ഥലം ഏറ്റെടുക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് സ്റ്റാന്‍ഡിന് സമീപം റോഡിന് വീതികുറവെന്ന പേരില്‍ നടത്തിയ സമരത്തെതുടര്‍ന്ന് കൂടുതല്‍ സ്ഥലം ലഭ്യമാക്കി വികസനം ഉറപ്പാക്കുമെന്നതിലും തീരുമാനമായിട്ടില്ല. പഞ്ചായത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് വികസനം നടത്തുമെന്നതിലും വ്യക്തത ബാക്കിയാണ്. ഓടകളുടെ മൂടികളെങ്കിലും പൂര്‍ണ്ണമായി ഇട്ടിരുന്നവെങ്കില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടില്ലായിരുന്നുവെന്ന അപേക്ഷ ശക്തമാണ്. കലുങ്കുകളുടെ നിര്‍മ്മാണവും വെള്ളം ഒഴുകി വലിയ തോട്ടിലെത്താനുള്ള വഴികളുമൊക്കെ ഇനിയും ബാക്കിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.