വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

Thursday 29 September 2016 11:10 pm IST

fathimathul-hanna കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ദാരുണമായി മരിച്ചു. താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അമിത വേഗതയില്‍ വന്ന ബസ്സിടിച്ച് അച്ചനൊടൊപ്പം സ്‌കൂട്ടറില്‍ കോളേജിലേക്ക് വരികയായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി തലമുണ്ടയിലെ ആതിര(19)യും പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ച് ദേഹത്ത് തട്ടി റോഡിലൂടെ നടന്നുപോവുകയായിരുന്ന കൂനം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നുംപുറത്ത് പുതിയപുരയില്‍ ഹന്ന ഫാത്തിമ(8)യുമാണ് മരിച്ചത്. താഴെചൊവ്വ റെയിവേ ഗേറ്റിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെ കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കെഎല്‍ 13 എപി 6399 നമ്പര്‍ ഒമേഗ ബസ്സ് കെഎല്‍ 13 എഡി 3221 നമ്പര്‍ ആക്ടീവ സ്‌ക്കൂട്ടറിലിച്ചാണ് എസ്എന്‍ കോളേജിലേക്ക് അച്ഛനൊപ്പം സ്‌ക്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് പോകുകയായിരുന്ന തലമുണ്ടയിലെ ആതിര മരിച്ചത്. അമിത വേഗതയില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആതിരയുടെ തലയിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്ന ആതിരയുടെ പിതാവ് കാഞ്ഞിരോട് തലമുണ്ടയിലെ ഹരീഷി(55)നെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ദേശീയപാതയില്‍ ബസ്സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടം വരുത്തിയ ബസ്സ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഇതേത്തുടര്‍ന്ന് ദേശീയപാത വഴിയുളള സ്വകാര്യ ബസ്സുകള്‍ ഭാഗികമായി പണിമുടക്കി. എസ്എന്‍ കോളേജ് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. പാറക്കണ്ടി ഹൗസില്‍ പുഷ്പയാണ് അമ്മ. കൂടാളിയില്‍ രാജേഷ് ഹോട്ടല്‍ നടത്തുന്ന രജീഷാണ് ഭര്‍ത്താവ്. എട്ടുമാസം മുമ്പ് വിവാഹിതയായ ആതിര ഗര്‍ഭിണിയായിരുന്നു. അജേഷ് സഹോദരനാണ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കണ്ണൂര്‍ എസ്എന്‍ കോളേജിലും തലമുണ്ടയിലെ വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകുന്നേരത്തോടെ കൂടാളിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന പിക്കപ്പ് വാനിന്റെ ഊരിത്തെറിച്ച ടയര്‍ ദേഹത്തിടിച്ചാണ് കൂനം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നുംപുറത്ത് പുതിയപുരയില്‍ അര്‍ഷഫ്-റഫീദ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഇരിക്കൂര്‍ സ്വദേശിയായ അഷറഫും കുടുംബവും കുറുമാത്തൂരില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30 ന് പൊക്കുണ്ടിലെ മദ്രസയില്‍ നിന്നും ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരവേയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 8 എജി 2899 നമ്പര്‍ പിക്കപ്പ് വാനിന്റെ പിറകിലെ ടയറാണ് ഊരിത്തെറിച്ചത്. തെറിച്ച ടയര്‍ നടന്നുപോവുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കൂട്ടുകാരി ഹസ്‌ന ഹസ്സനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: ഷാനിബ്. റാഷിദ്, ഫാത്തിമ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.